ന്യൂമാഹി: കലാകാരന്മാരെ നിയമസഭാ സ്പീക്കർ ആദരിച്ചു
തെയ്യം കലാ അക്കാദമിയുടെ നേതൃത്വത്തിൽ മാഹി കലാഗ്രാമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തെയ്യം കലാകാരന്മാരുടെ സംഗമം ശ്രദ്ധേയമായി. കലാകാരന്മാർക്കുള്ള ആദരവ് സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വിദേശികൾ ഉൾപ്പെടെ സ്നേഹിക്കുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കാനും വരും തലമുറയെ പഠിപ്പിക്കാനും പരിപോഷിപ്പിക്കാനും സാധിക്കേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു. തെയ്യം കലാകാരന്മാരെ സ്പീക്കർ ആദരിച്ചു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ സെയ്‌ത്തു അധ്യക്ഷനായി. തെയ്യം കലാകാരൻമാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ച് പരിഹാര മാർഗങ്ങൾ കണ്ടെത്താനുമാണ് സംഗമം നടത്തിയത്. കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴവരെയുള്ള കാവുകളുമായി ബന്ധപ്പെട്ടു കഴിയുന്ന 300 ൽപരം തെയ്യം കലാകാരന്മാർ സംഗമത്തിൽ പങ്കെടുത്തു. കേരള ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി കീച്ചേരി രാഘവൻ സംഗമം ഉദ്ഘാടനം ചെയ്തു.
തെയ്യം കല അക്കാദമി ചെയർമാൻ ഡോ. എ.പി ശ്രീധരൻ അധ്യക്ഷനായി. തെയ്യം കലാ അക്കാദമിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ഡോ.വൈ.വി കണ്ണൻ,
തെയ്യം കല വർത്തമാന കാലത്തിൽ എന്ന വിഷയത്തിൽ കീച്ചേരി രാഘവൻ എന്നിവർ ക്ലാസെടുത്തു. തുടർന്ന് ജയൻ മാങ്ങാടിൻ്റെ തെയ്യാട്ടം ഡോക്യുമെൻ്ററി പ്രദർശനവും കലാഗ്രാമം ആർട് ഗാലറിയിൽ തെയ്യം കലയുമായി ബന്ധപ്പെട്ട പെയിൻ്റിംഗ് പ്രദർശനവും നടന്നു. ഇ.പി. നാരായണ പെരുവണ്ണാൻ, തെയ്യം കലാ അക്കാദമി വൈസ് ചെയർമാൻ പി. കെ മോഹനൻ, തെയ്യം കലാ അക്കാദമി ചെയർമാൻ ഡോ.എ.പി. ശ്രീധരൻ, എന്നിവർ പങ്കെടുത്തു.