Latest News From Kannur

ബജറ്റ് ലോഗോയിൽ നിന്ന് രൂപ ചിഹ്നം ഒഴിവാക്കി; പകരം തമിഴില്‍ ‘രൂ’; വിവാദം

0

ചെന്നൈ : സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ‘₹’ ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ ‘രൂ’ (ரூ) ചേര്‍ത്ത് തമിഴ്‌നാട് സർക്കാർ. ത്രിഭാഷാ വിവാദം രൂക്ഷമായ പശ്ചാത്തലത്തലാണ് തമിഴ്നാടിന്റെ നീക്കം. ഇന്നാണ് ബജറ്റ് അവതരണം.

ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. ‘തമിഴ്നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനവും ഉറപ്പാക്കുകയാണ് ….’’ എന്നാണ് ഇതിനൊപ്പം സ്റ്റാലിൻ കുറിച്ചിരിക്കുന്നത്. ദ്രവീഡിയൻ മോഡൽ, ടി.എൻ ബജറ്റ് 2025 തുടങ്ങിയ ഹാഷ്‌ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ഇതിനു മുൻപുണ്ടായിരുന്ന രണ്ടു ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് വച്ചിരുന്നത്. തമിഴ്നാട് ഇന്ത്യയിൽനിന്ന് ഭിന്നമാണെന്നാണ് ഇതു കാണിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. ഇന്ത്യയുടെ ചിഹ്നമായാണു രൂപയുടെ ചിഹ്നത്തെ എല്ലാവരും കാണുന്നതെന്നും ബി.ജെ.പി നേതാവ് നാരായൺ തിരുപതി പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈയും സ്റ്റാലിനെതിരെ രംഗത്തെത്തി.

‘ഡി.എം.കെ നേതാവിന്റെ മകനായ ഐഐടി ഗുവാഹത്തി പ്രഫസർ, ഉദയ കുമാർ ധർമലിംഗം ആണ് രൂപയുടെ ചിഹ്നം ഡിസൈൻ ചെയ്തത്. അതു ഭാരതം സ്വീകരിക്കുകയായിരുന്നു. ബജറ്റ് രേഖയിൽനിന്ന് അതു നീക്കുക വഴി തമിഴരെ അപമാനിക്കുകയാണ് സ്റ്റാലിൻ’ – ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു.

ത്രിഭാഷാ നയം ഉൾപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തമിഴ്നാട് ഇതുവരെ തയാറായിട്ടില്ല. ത്രിഭാഷാനയത്തിനെതിരേ ഡി.എം.കെ അതിരൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്‌. ത്രിഭാഷാനയം നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ അഭിയാനിലെ കേന്ദ്രസഹായമായ 573 കോടി രൂപ കേന്ദ്രസര്‍ക്കാർ പിടിച്ചുവെച്ചിരുന്നു.

 

Leave A Reply

Your email address will not be published.