ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഗതാഗത മന്ത്രി ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംയുക്ത തൊഴിലാളി യൂണിയൻ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും പിൻവലിക്കും.
മാർച്ച് ഒന്നു മുതലാണ് ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ നിർബന്ധമാക്കി ഉത്തരവ് ഇറക്കിയത്. എന്നാൽ, സ്റ്റിക്കർ മിക്ക ഓട്ടോകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിർദേശത്തിനെതിരേ ഓട്ടോ തൊഴിലാളികൾക്കിടയിൽ പ്രതിഷേധമുയർത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്.
ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിൻ്റ് ചെയ്‌ത സ്റ്റിക്കർ ഡ്രൈവർ സീറ്റിനു പുറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിർദേശം.
സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.