Latest News From Kannur

കണ്‍മുന്നില്‍ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി; യുവാവ് അറസ്റ്റില്‍

0

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താന്‍ കഴിയാതെ വന്നതോടെ ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം താന്‍ പകര്‍ത്തിയതാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ജെറിന്‍ സമ്മതിക്കുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ താന്‍ കടുവയെ നേരിട്ട് കണ്ടതായും ജെറിന്‍ പറഞ്ഞിരുന്നു.അനാവശ്യ ഭീതിപടര്‍ത്തുക, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക, തുടങ്ങിയ കുറ്റങ്ങളാണ് ജെറിനെതിരെ ചുമത്തിയിരിക്കുന്നത്. വനംവകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്താണ് ജെറിന്‍ പ്രചരിപ്പിച്ചത്. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതായും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.