മാഹി പി.ഡബ്ല്യു.ഡിയിൽ സ്ഥിരമായി എക്സിക്യൂട്ടീവ് എഞ്ചിനീയർ വേണമെന്ന ആവശ്യപ്പെട്ട് കരാറുകാർ മാഹി ഗവ. ഹൗസിനു മുന്നിൽ ധർണ്ണ സമരം നടത്തി
മാഹി: മാഹി പി.ഡബ്ല്യു.ഡിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കുക, അസിസ്റ്റ്ൻ്റ് എഞ്ചിനിയർ ഉൾപ്പെടെയുള്ള മറ്റ് ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക നൽകുക, ഫണ്ടിൻ്റെ ലഭ്യത ഉറപ്പുവരുത്തിയതിനു ശേഷം ടെൻ്റർ വിളിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പോണ്ടിച്ചേരി പി.ഡബ്ല്യു.ഡി രജിസ്ട്രേഡ് കോൺട്രാക്ടേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാഹി ഗവ. ഹൗസിനു മുന്നിൽ ധർണ്ണ സമര നടത്തി. മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ റോഡ്സ്, വാട്ടർ സപ്ലൈ, ബിൽഡിംഗ്സ് തുടങ്ങിയ മുഴുവൻ സെക്ഷനുകളിലെയും മാഹി മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെയും ചുമതല ഏക അസിസ്റ്റൻ്റ് എൻജിനീയർക്കാണ്. അദ്ദേഹം ഈ മാസം 28 ന് വിരമിക്കുകയാണ്. ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാതെ അധികാരികൾ മുഖം തിരിച്ചിരിക്കയാണ്.
എഞ്ചിനിയറുടെ അഭാവം കാരണം വർക്ക് ബില്ലുകൾ യഥാസമയം പാസാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കരാറുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെയെറെയാണ്. ഈ ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ മേഖലയിലെ എല്ലാ പൊതുമരാമത്തും വികസന പദ്ധതികളും സ്തംഭനാവസ്ഥയിലാകാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് പദ്ധതികളുടെ സുഗമമായ തുടർച്ച ഉറപ്പാക്കുന്നതിനും കരാറുകാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മാഹി ഗവ. ഹൗസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം അഡ്വ.എ.പി.അശോകൻ
ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.എ.രമേഷ്, ടി.എ.ഷിനോജ്, സി.ടി. സുരേഷ് ബാബു, ടി.എ. ബൈജു, കെ.ദിനേശൻ, സി.ടി.നിധീഷ്, വാഴയിൽ സുനിൽകുമാർ, പുരുഷോത്തമൻ സംസാരിച്ചു.