വയലളം: മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായർ കാലങ്ങളിലൂടെ സഞ്ചരിച്ച എഴുത്തുകാരനായിരുന്നെന്നു പ്രമുഖ നവ സാഹിത്യ നിരൂപകൻ കെ.വി.സജയ് പറഞ്ഞു. തലശ്ശേരി വയലളം റീഡേർഡ് സെൻ്റർ ആൻ്റ് വനിത വേദി സംഘടിപ്പിച്ച എം.ടി. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫ്യൂഡലിസത്തിൻ്റെ തകർച്ചയുടെ കാലം ‘നാലുകെട്ടി’ലും ഭഗ്ന സ്വപ്നങ്ങളുടെ സ്വാതന്ത്ര്യാനന്തര ചരിത്ര കാലം ‘കാലം’ എന്ന കൃതിയിലും, ഒരു തടാകം പോലെ നിശ്ചലമായ കാലം ‘മഞ്ഞ്’ എന്ന കാവ്യാത്മക രചനയിലും ഇതിഹാസകാലം രണ്ടാമൂഴത്തിലും എം.ടി. ആവിഷ്ക്കരിച്ചിരിക്കുന്നു എന്നദ്ദേഹം നിരീക്ഷിച്ചു.
എം.ടി. കൃതികളുടെ സൂക്ഷ്മ വായനയിലൂടെ എഴുത്തുകാരനെ അഭിവാദ്യം ചെയ്യുക എന്നതാണ് വായനക്കാർക്ക് ഇനി അദ്ദേഹത്തിനു ആദരവ് അർപ്പിക്കാനുള്ള വഴിയെന്ന് പ്രൗഢമായ സദസ്സിനെ അദ്ദേഹം ഓർമ്മിപ്പിച്ചു.
വനിതാവേദി സാരഥി സ്നേഹലത അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിനു റീഡേർസ് സെൻറർ പ്രസിഡണ്ട് സുരേഷ് കോമത്ത് സ്വാഗതവും എം.എ അനിൽ കുമാർ നന്ദിയും പറഞ്ഞു.