മലപ്പുറം: തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. ജനവാസകേന്ദ്രത്തില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന ജംഷിദിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ദേവര്‍ഷോലയിലെ മൂന്നാം ഡിവിഷനിലാണ് ജംഷിദിന്റെ വീട്. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ദേവര്‍ഷോല തമിഴ്‌നാട്ടില്‍ ആണെങ്കിലും നിരവധി മലയാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ജംഷിദിന്റെ വീട് ഇരിക്കുന്ന പ്രദേശം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.