Latest News From Kannur

കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയിക്ക് മരണം വരെ തടവ്

0

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച കേസില്‍ സഞ്ജയ് റോയി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ പ്രതിയാക്കിയതാണെന്നുമായിരുന്നു സഞ്ജയ് റേയിയുടെ വാദം. മാനസാന്തരത്തിന് സമയം നല്‍കണെമന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷനല്‍കണ സി.ബി.ഐ വാദം കോടതി തള്ളി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും പ്രതി മരണം വരെ ജയിലില്‍ തുടരണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി സഞ്ജയ് റോയി. ആദ്യം കൊല്‍ക്കത്ത പൊലീസും തുടര്‍ന്ന് സി.ബി.ഐയുമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5മാസത്തിന് ശേഷമാണ് വിധി പറയുന്നത്.

മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിലാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

നിര്‍ഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി വിധി. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസ് തന്നെ കുടുക്കിയതാണെന്നുമായിരുന്നു പ്രതിയുടെ വാദം. യഥാര്‍ഥ പ്രതികള്‍ കാണാമറയത്താണെന്നുമാണ് സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.

 

 

Leave A Reply

Your email address will not be published.