കെ.കെ മണിലാൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേറ്റു ;സി.കെ തുടങ്ങി വച്ച പദ്ധതികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് മണിലാൽ
പാനൂർ: പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കെ.കെ. മണി ലാൽ സ്ഥാനമേറ്റു. പാറാൽ ഡി.ഐ.യു.പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, എസ്.സി.ഇ.ആർ.ടി റിസോഴ്സ് അംഗം, പാഠപുസ്തക പരിഷ്ക്കരണ കമ്മിറ്റി അംഗം, ഡയറ്റ് ഗവേണിങ്ങ് ബോഡി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
2005 – 10 കാലയളവിൽ പന്ന്യന്നൂർ പഞ്ചായത്ത് ഭരണസമിതിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. വാർഡംഗം കെ.കെ മോഹൻകുമാർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് കെ.കെ മണിലാലിൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു സി. രൂപ പിന്താങ്ങി. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തായതിനാൽ നടപടി ക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയായി.
റിട്ടേണിംഗ് ഓഫീസറായ
തലശേരി കൃഷി അസി.ഡയറക്ടർ എം. ആർ. രമ്യാഭായ് മുമ്പാകെ കെ.കെ. മണിലാൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുൻ പ്രസിഡൻ്റ് സി.കെ. അശോകൻ അന്തരിച്ചതിനെ തുടർന്നാണ് സ്ഥാനം ഒഴിവ് വന്നത്. ചിട്ടയായി പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയായിരുന്നു സി.കെ. അശോകനെന്നും, അദ്ദേഹം തുടങ്ങി വച്ച പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും കെ.കെ. മണിലാൽ പറഞ്ഞു.
നാലാം വാർഡ് അംഗമാണ് കെ.കെ. മണിലാൽ.