പള്ളൂർ മേഖലയിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം സർക്കാർ നിയമനങ്ങളിൽ റീജ്യണൽ ക്വാട്ട അനുവദിക്കണം അങ്കനവാടികൾ മികവുറ്റതാക്കണം
മാഹിയിലെ പ്രധാന റോഡുകളായ പാറാൽ – ചൊക്ലി റോഡിലെയും കല്ലായി – പന്തക്കൽ റോഡിലെയും ഗതാഗതകുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ദേശീയപാത ബൈപ്പാസിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാൻ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. മാത്രമല്ല രണ്ട് മെഡിക്കൽ കോളേജുകൾ, മൂന്ന് പ്രൊഫഷണൽ കോളേജുകൾ, ഏഴോളം ഹയർ സെക്കണ്ടറി സ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നതോടൊപ്പം നിരവധി പെട്രോൾ പമ്പുകൾ കൂടിയുള്ളതിനാൽ ഇതിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ ഒട്ടനവധിയാണ്. വർഷങ്ങൾക്കു മുമ്പുതന്നെ രണ്ടു പ്രധാന റോഡുകളുടെ വീതി കൂട്ടുന്നതിനുവേണ്ടിയുള്ള സർവ്വേ പൂർത്തികരിച്ചെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തത് കാരണം പൊതുജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
സർക്കാർ സർവ്വീസിൽ പുതിയ നിയമനം നടത്തുമ്പോൾ റീജ്യണൽ ക്വാട്ട അനുവദിക്കണം. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാലും ഇൻചാർജ്ജ് ഭരണങ്ങളാലും മാഹിയിലെ പല തസ്തികകളിലും ജീവനക്കാർ ഇല്ലാത്തത് കാരണം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
മാഹിയിലെ അംഗനവാടികളിൽ കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം നിവേദനം നൽകി. അഡ്വ. എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ, മഹേഷ് മഞ്ചക്കൽ എന്നിവർ സംബന്ധിച്ചു.