Latest News From Kannur

സര്‍ക്കാരിന്റെ പട്ടിക വെട്ടി പുതിയ വിസിമാരെ നിയമിച്ചു; ഗവര്‍ണര്‍ വീണ്ടും തുറന്ന പോരിലേക്ക്

0

തിരുവനന്തപുരം: സര്‍ക്കാര്‍ പട്ടിക തള്ളി താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതോടെ, വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങി. സര്‍ക്കാര്‍ നല്‍കിയ പട്ടിക പാടേ തള്ളിക്കൊണ്ടാണ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ. ശിവപ്രസാദിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹന്‍ കുന്നുമ്മലിന് പുനര്‍ നിയമനം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന തുടര്‍നീക്കം ഗവര്‍ണര്‍ നടത്തിയത്.

നേരത്തെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതിന് സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിട്ടയാളാണ് ഡോ. സിസ തോമസ്. 2022 ല്‍ കെ. ടി. യു വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി. സിയായി നിയമിച്ചത്. സര്‍ക്കാരിന്റെ അനുമതി കൂടാതെ വിസിയായി ചുമതലയേറ്റതിന്റെ പേരില്‍ സിസയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ് വിരമിച്ചതോടെയാണ് കെ.ടി.യുവില്‍ ഒഴിവുണ്ടായത്. കുസാറ്റ് പ്രൊഫസര്‍ ഡോ. കെ.ശിവപ്രസാദിനെയാണ് കെ.ടി.യു താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസി നിമയനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയതോടെയാണ് ഗവര്‍ണര്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചത്.

കെ.ടി.യുവിലേക്ക് ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി.ആര്‍. ഷാലിജ്, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ഡോ. എം. എസ്. രാജശ്രീ, കുസാറ്റ് മുന്‍ വിസി ഡോ. കെ. എന്‍ മധുസൂദനന്‍, ഡിജിറ്റല്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. മുജീബ് എന്നിവരുടെ പാനലുകളാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ഈ പാനല്‍ പൂര്‍ണമായും തള്ളിയാണ് പുതിയ നിയമനം. കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍, വിസി നിയമനം ചാന്‍സലറുടെ ( ഗവര്‍ണര്‍) അധികാരമാണെന്നും സര്‍ക്കാര്‍ ഇടപെടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.