Latest News From Kannur

ഓംചേരി എന്‍.എന്‍. പിള്ള അന്തരിച്ചു

0

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍. പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എം.പിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്. 1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

Leave A Reply

Your email address will not be published.