മുംബൈ: രത്തൻ ടാറ്റ അന്തരിച്ചതോടെ ഇന്ത്യൻ വ്യവസായ രംഗത്തെ ഒരു ഇതിഹാസമാണ് വിടവാങ്ങുന്നത്. ടാറ്റയെ രാജ്യാന്ത്ര ബ്രാൻഡ് ആക്കി മാറ്റുന്നതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് വലുതാണ്. രത്തന്റെ കാലത്ത് ടാറ്റ 10,000 കോടി ഡോളർ വിറ്റു വരവുള്ള കമ്പനിയായി വളർന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. രത്തന്‍റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അൻപത് ഇരിട്ടിയായി. വിമാനം പറത്താനുള്ള ഫ്ളൈയിങ് ലൈസൻസ് സ്വന്തമായുള്ള ആളാണ് രത്തൻ ടാറ്റ.
1937 ഡിസംബർ 28-നാണ് നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിലായിരുന്നു പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം നേടി. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. രത്തന് 10 വയസ്സുള്ളപ്പോൾ വിവാഹബന്ധം വേർപെടുത്തി മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് മുത്തശ്ശി നവജ്ബായിയായിരുന്നു രത്തന്റെ എല്ലാമെല്ലാം.
ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയിൽ പോയ രത്തൻ, ലൊസാഞ്ചലസിൽ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. ഇതിനിടെ ഒരു പ്രണയവും തലയ്ക്ക് പിടിച്ചു. മുത്തശ്ശിയുടെ ആരോഗ്യം മോശമായതോടെയാണ് അമേരിക്കൻ വാസം അവസാനിപ്പിച്ച് രത്തൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. കാമുകി പിന്നാലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല. 1962 ലെ ഇന്ത്യ–ചൈന യുദ്ധമാണ് രത്തന്റെ വിവാഹജീവിതത്തിൽ വില്ലനായത്. ഇന്ത്യയിലേക്ക് ഇല്ലെന്ന് കാമുകി തീർത്തു പറഞ്ഞു. ഇതോടെ ആ ബന്ധം വേർപിരിയുകയായിരുന്നു.
‘അവൾ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാൻ പിന്നെ വിവാഹം കഴിച്ചുമില്ല’. തന്റെ നഷ്ടപ്രണയത്തെപ്പറ്റി രത്തൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയില്ല, പിന്തുടർച്ചയ്ക്ക് മക്കളില്ല. ആ ഒറ്റപ്പെടൽ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നനായ അവിവാഹിതൻ പറയുന്നു. ടാറ്റയെന്ന തന്റെ പരമ്പരാഗത ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ചയായിരുന്നു പിന്നീട് രത്തൻ ടാറ്റയുടെ ശ്രദ്ധ. 1991ലാണ് ജെആർഡി ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നത്.
2012 വരെ 21 വർഷം ചെയർമാൻ സ്ഥാനത്ത് തുടർന്നു. തലയുയർത്തി നിൽക്കുക, പരിഹാസങ്ങളെ അവഗണിക്കുക, ആരോടും പരുഷമായി ഇടപെടാതിരിക്കുക എന്ന മുത്തശ്ശിയുടെ ഉപദേശം ജീവിതാവസാനം വരെ രത്തൻ പാലിച്ചിരുന്നു. ഉപ്പുതൊട്ട് വിമാനം വരെ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുതല്‍ വസ്ത്രങ്ങള്‍ വരെ. ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നിൽക്കുന്ന, 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയർത്തിയിട്ടാണ് രത്തൻ ടാറ്റ വിടപറയുന്നത്. മികച്ച പൈലറ്റുമായിരുന്നു. വ്യവസായ സാമ്രാജ്യം പടുത്തുയർത്തുമ്പോഴും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്നു. ജീവകാരുണ്യ രംഗത്തും രത്തൻ ശ്രദ്ധ ചെലുത്തി. രാജ്യം പത്മവിഭൂഷന്‍ അടക്കമുളള പുരസ്കാരങ്ങള്‍ നൽകി ആദരിച്ചു. വിദേശ സർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികളും രത്തൻ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്.