Latest News From Kannur

‘വാട്‌സ് ആപ്പില്‍ വിളിക്കൂ. അപ്പോള്‍ മുഖം മനസിലാകും’; അനധികൃത ഖനനം തടഞ്ഞ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി അജിത് പവാര്‍; വിവാദം

0

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ. മഹാരാഷ്ട്രയിലെ കര്‍മാലയില്‍ ഡിഎസ്പിയായ വിഎസ് അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. അജിത് പവാര്‍ ഫോണില്‍ സംസാരിച്ചതിന്റെ വീഡിയോ വലിയ വിവാദമായി, അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോളാണ് അഞ്ജന കൃഷ്ണയെ അജിത് പവാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടന്‍തന്നെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇദ്ദേഹം ഡിഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. ഒരു എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തന്റെ നമ്പരിലേക്ക് വിളിക്കാന്‍ ഇവര്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. ‘നിങ്ങള്‍ക്കെതിരേ ഞാന്‍ നടപടി സ്വീകരിക്കും’ എന്ന് അജിത് പവാര്‍ പിന്നീട് ഉദ്യോഗസ്ഥയോട് പറഞ്ഞു.

നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്‌സ് ആപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു’ എന്നും അജിത് പവാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. 2022-23 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 355-ാം റാങ്കുകാരിയായിരുന്നു. പിതാവ് ബിസിനസുകാരനും അമ്മ വഞ്ചിയൂര്‍ കോടതി ജീവനക്കാരിയുമാണ്. നാലാംശ്രമത്തിലായിരുന്നു അഞ്ജന സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. പൂജപ്പുര സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും തിരുവനന്തപുരം എന്‍എസ്എസ് വനിതാ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ഇതിനുശേഷമാണ് അഞ്ജന സിവില്‍ സര്‍വീസിലെത്തുന്നത്.

 

Leave A Reply

Your email address will not be published.