ചോമ്പാല :
സൈബർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയെ ബീഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി എന്ന സ്ഥലത്ത് വെച്ച് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. ഔറങ്കബാദിലെ സർദിഹ വില്ലേജ്, മാലി, നബി നഗർ, അഭിമന്യു കുമാർ (22) , എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ ലോൺ പരസ്യം കണ്ട് ക്ലിക്ക് ചെയ്ത അഴിയൂർ സ്വദേശിയായ യുവതിയുടെ ഫോൺ ഐഡി ഏക്സസ് ചെയ്യുകയും പണം തട്ടിയെടുക്കുകയും തുടർന്ന് കൂടുതൽ പണം ആവശ്യപ്പെടുകയും പണം അയച്ച് നൽകാത്തതിൽ യുവതിയുടെയും 13 വയസ്സ് മാത്രം പ്രായമുള്ള മകളുടെയും ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ നിർമ്മിച്ച് അയച്ച് നൽകി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിൽ യുവതി നൽകിയ പരാതി പ്രകാരം ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മൊബെൽ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. ഇ. ബൈജു ഐ പി.എസ് നൽകിയ നിർദ്ദേശപ്രകാരം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനായ ഇൻസ്പക്ടർ സേതുനാഥ് എസ്. ആർ. ബീഹാറിൽ പോയി അന്വേഷണം നടത്തുന്നതിനായി സബ് ഇൻസ്പക്ടർ ജെഫിൻ രാജുവിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് പി.ടി, സിവിൽ പോലീസ് ഓഫീസർ രാജേഷ് എം. കെ. എന്നിവരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയും ആയിരുന്നു. നക്സൽ ഭീഷണിയുള്ളതും വർഷങ്ങൾക്ക് മുമ്പ് പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് പോലീസുകാരെ വധിച്ച് ആയുധങ്ങളുമായി കടന്ന ഔറങ്കബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് മാലി പോലീസിൻ്റെ സഹായത്താൽ പിടികൂടിയത്. പോലീസ് സാന്നിദ്ധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ വാഹനം ഒഴിവാക്കി അർദ്ധരാത്രിയിൽ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് വാങ്ങി താല്കാലിക കസ്റ്റഡിയിൽ പാർപ്പിച്ച് മറ്റ് പ്രതികളെ കുറിച്ച് അന്വേഷണം നടത്തി നിർണ്ണായക വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണ സംഘം മടങ്ങിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.