‘നിരീശ്വരവാദിക്ക് ഭക്തി പുരസ്കാരം നൽകുന്ന പോലെ’, സുബ്ബലക്ഷ്മി അവാർഡ് ടിഎം കൃഷ്ണയ്ക്ക് നൽകരുത്; കൊച്ചുമകൻ രംഗത്ത്
ചെന്നൈ: സംഗീത കലാനിധി എം എസ് സുബ്ബലക്ഷ്മി പുരസ്കാരം സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ രംഗത്ത്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2024 ലെ സംഗീത കലാനിധി പുരസ്കാരം തടയണമെന്നാവശ്യപ്പെട്ടാണ് വി ശ്രീനിവാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കർണാടക സംഗീതത്തിലെ ഇതിഹാസമായിരുന്ന സുബ്ബലക്ഷ്മിയെ മരണ ശേഷം നിന്ദ്യമായ വാക്കുകൾ കൊണ്ട് വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തയാളാണ് ടിഎം കൃഷ്ണ.അദ്ദേഹത്തിന് ഈ പുരസ്കാരം നൽകുന്നത് ഒരു നിരീശ്വരവാദിക്ക് ഭക്തി പുരസ്കാരം നൽകുന്നതിന് തുല്യമാണെന്നും വി ശ്രീനിവാസൻ ഹർജിയിൽ പറയുന്നു. അവാർഡ് പ്രഖ്യാപനം കുടുംബത്തെ ഞെട്ടിച്ചതായും ശ്രീനിവാസൻ ഹർജിയിൽ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സുബ്ബലക്ഷ്മിക്കെതിരെ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും കൃഷ്ണ അപകീർത്തികരമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ശ്രീനിവാസൻ ആരോപിക്കുന്നു.
ജസ്റ്റിസ് ആർഎംടി ടീക്കാ രാമന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പുരസ്കാര ജേതാക്കളെ തീരുമാനിക്കുന്നത് സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും തീരുമാനത്തിൽ അക്കാദമി ഭരണസമിതിക്ക് പങ്കില്ലെന്നും മ്യൂസിക് അക്കാദമി ഹൈക്കോടതിയെ അറിയിച്ചു. ഹർജിയുടെ വാദം ഈ മാസം 21 ലേക്ക് മാറ്റി.