Latest News From Kannur

ജില്ലയില്‍ 42400 ഹെക്ടറില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായി

0

ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനം 42400 ഹെക്ടറില്‍ പൂര്‍ത്തിയായി. 14 വില്ലേജുകളിലായി 2,39,500 കൈവശങ്ങളാണ് ഇതുവരെ ഡിജിറ്റല്‍ സര്‍വെ പ്രകാരം അളന്ന് തിട്ടപ്പെടുത്തിയത്. ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വെയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 14 വില്ലേജുകളില്‍ മുഴുവന്‍ വില്ലേജുകളുടെയും ഫീല്‍ഡ് ജോലി പൂര്‍ത്തീകരിച്ച് കേരള സര്‍വെ അതിരടയാള നിയമം സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട എടക്കാട്, അഴീക്കോട് നോര്‍ത്ത്, പാപ്പിനിശ്ശേരി, ചിറക്കല്‍, കല്ല്യാശ്ശേരി, വലിയന്നൂര്‍, ധര്‍മ്മടം, കീഴല്ലൂര്‍, എരഞ്ഞോളി, കേളകം, കീഴൂര്‍, ചുഴലി, തളിപ്പറമ്പ്, പെരളം എന്നീ 14 വില്ലേജുകളില്‍ 12 വില്ലേജുകളുടെ ഫീല്‍ഡ് ജോലി ആരംഭിച്ചു. ഇതില്‍ 50% ഫീല്‍ഡ് ജോലി ഇതിനകം പൂര്‍ത്തിയായി. ഫീല്‍ഡ് ജോലി പൂര്‍ത്തിയായ 2 വില്ലേജുകളുടെ 9(2) പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 30,000 ഹെക്ടറും രണ്ടാം ഘട്ടത്തില്‍ 26,000 ഹെക്ടറും ഉള്‍പ്പെടെ ആകെ 56000 ഹെക്ടര്‍ ഭൂമിയാണ് ഡിജിറ്റല്‍ സര്‍വെ ചെയ്യാനുള്ളത്.

ഡിജിറ്റല്‍ സര്‍വെ പ്രവര്‍ത്തനം സമയബന്ധിതമായും, കുറ്റമറ്റരീതിയിലും പൂര്‍ത്തീകരിക്കുന്നതിന് മുഴുവന്‍ കൈശക്കാരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് റീ സര്‍വ്വെ അസി.ഡയറക്ടര്‍ അറിയിച്ചു. സര്‍വെ ജീവനക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കൈവശ ഭൂമിയുടെ രേഖകള്‍ ഹാജരാക്കിയും, അതിരുകളിലെ കാടുകള്‍ വെട്ടിത്തെളിച്ച് നല്‍കിയും സഹകരിച്ചാല്‍ മാത്രമേ കുറ്റമറ്റ രീതിയിലുള്ള സര്‍വെ രേഖകള്‍ തയ്യാറാക്കാന്‍ സാധിക്കുകയുള്ളൂ. രേഖകള്‍ ഹാജരാക്കാത്തവര്‍ക്കും സര്‍വെയുമായി സഹകരിക്കാത്തവര്‍ക്കും ഭാവിയില്‍ റവന്യൂ സംബന്ധമായ സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായിരിക്കുമെന്ന് റീ-സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് അറിയിച്ചു. ഓരോ കൈവശവും പ്രത്യേകം പ്രത്യേകം അളന്ന് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് ഭൂമിയില്‍ തര്‍ക്കമറ്റ അതിര്‍ത്തി സ്ഥാപിക്കേണ്ടത് ബന്ധപ്പെട്ട ഭൂവുടമകളുടെ ഉത്തരവാദിത്തമാണ്. സര്‍വെ പൂര്‍ത്തിയാക്കി രേഖകള്‍ റവന്യൂ ഭരണത്തിന് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കൈവശക്കാര്‍ക്ക് ബന്ധപ്പെട്ട ക്യാമ്പ് ഓഫീസുകളില്‍ ഹാജരായി രേഖകള്‍ പരിശോധിക്കുന്നതിനും, തെറ്റുകളുണ്ടെങ്കില്‍ പരിഹരിക്കുന്നതിനും അവസരം ലഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.