Latest News From Kannur

മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ദരുടെയും പൊതു പ്രവർത്തകരുടെയും യോഗം വിളിക്കണം – രക്ഷിതാക്കളുടെ കൂട്ടായ്മ

0

മാഹി: മാഹി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ദരുടെയും പൊതു പ്രവർത്തകരുടെയും യോഗം വിളിക്കണമെന്ന് മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായ മാഹി റീജ്യണൽ ഗവ. സ്കൂൾ പേരൻ്റ്സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ നേരത്തെ തന്നെ പൊതു ജനങ്ങളെ അറിയിക്കുക, പ്രവേശന സമയത്ത് പിരിച്ചെടുക്കുന്ന പണത്തിൻ്റെ കാര്യത്തിൽ സർക്കാർ ഉത്തരവ് നടപ്പിലാക്കുക, പാഠപുസ്തക വിതരണത്തിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തി സമയബന്ധിതമായി വിതരണം പൂർത്തിയാക്കുക, വിദ്യാഭ്യാസവിദഗ്ദരുമായും പൊതു പ്രവർത്തകരുമായും ചർച്ച ചെയ്യാതെ സി.ഇ.ഭരതൻ സ്കൂളിൽ നിന്നും ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്തു കളഞ്ഞ ഏക പക്ഷീയമായ വിദ്യാർഥി വിരുദ്ധ നടപടി പുന:പരിശോധിക്കുക, സയൻസ് ഗ്രൂപ്പുകൾ പഠിക്കാൻ കഴിവും താല്പര്യവുമുള്ള മാഹിയിലെ വിദ്യാർഥികൾക്ക് സീറ്റുകൾ ലഭ്യമാക്കുക,
നടപ്പ് അധ്യയന വർഷത്തെ എസ്.എം.സി – എസ്.എം.ഡി.സി. മാന്വൽ അനുസരിച്ച് മാത്രം പുനർ രൂപീകരണം നടത്തുക, ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സ്കൂളിലെ മുഴുവൻ രക്ഷിതാക്കളുടെയും ജനറൽ ബോഡിയിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തുക, സർക്കാർ സ്കൂളിലെ അധ്യാപക വിന്യാസത്തിൻ്റെ വൈറ്റ് പേപ്പർ പ്രസിദ്ധീകരിക്കുക, ഫ്രഞ്ച് സ്കൂളിലെ അധ്യാപക ക്ഷാമം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കുക, എൻ.സി.ഇ.ആർ.ടി. നിഷ്കർഷിക്കുന്ന യൂണിഫോമിറ്റി നടപ്പിലാക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. കോർഡിനേറ്റർ റഷീദ് അടുവാട്ടിൽ, പ്രസിഡൻ്റ് ശോഗിത വിനീത്, ഷിബു കല്ലാണ്ടിയിൽ, കെ. നിഷാദ്, ടി.സി.ഹയറുന്നീസ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Leave A Reply

Your email address will not be published.