പാനൂർ : മരം കടപുഴകി വീണു വീടിൻ്റെ മേൽക്കുര തകർന്നു. അണിയാരം തറാൽ മീത്തൽ പ്രമോദിൻെറ വീടിന് മുകളിലാണ് വ്യാഴം രാവിലെ എഴുമണിയോടെ പുളിമരം കടപുഴകി വീണത്. ഓടുകൾ പൊട്ടി ചിതറി. മേൽക്കുര ഭാഗികമായി തകർന്നു. ചുമരുകളിലെ കല്ലുകൾ ഇളകി വീണു. ഇരുനില വീടിൻ്റെ മുകളിലെ നിലയിലെ കിടപ്പുമുറിയുടെ സീലിംഗിനും, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്കും കേടുപാടുകൾ പറ്റി. ഇതായിരുന്നു പ്രമോദ് സാധാരണ ഉപയോഗിക്കാറുള്ള മുറി. അസുഖ ബാധിതനായി പ്രമോദിനെ എറണാകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകടം സംഭവിക്കുമ്പോൾ ആരും മുറിയിലുണ്ടായിരുന്നില്ല. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.