പുനർനിർമ്മിച്ച പന്ന്യന്നൂർ ജുമാഅത്ത് പള്ളി കാണാൻ ഒഴുകിയെത്തി ഇതര മതസ്ഥർ, ആശംസയുമായി ക്ഷേത്ര കമ്മിറ്റിയും ; ഇത് വേറിട്ട ‘പന്ന്യന്നൂർ ടച്ച്
പാനൂർ : പുനർ നിർമ്മിച്ച , നൂറ്റാണ്ടുകൾ പഴക്കമുള്ള പന്ന്യന്നൂർ ജുമാ അത്ത് പള്ളി ഉദ്ഘാടന സജ്ജമായതോടെ പ്രദേശവാസികൾക്ക് കാണാൻ അവസരമൊരുക്കി പള്ളികമ്മിറ്റി. ജാതി മത ഭേദമന്യേ നൂറുകണക്കിനാളുകൾ പള്ളി സന്ദർശിച്ചു. മതത്തിൻ്റെ പേരിൽ തമ്മിലടിക്കുന്നവർത്തമാനകാല സാഹചര്യങ്ങളെ മാറ്റി നിർത്തി മത സാഹോദര്യത്തിന് മുൻതൂക്കം നൽകുകയായിരുന്നു പന്ന്യന്നൂർ ജുമാഅത്ത് പള്ളി കമ്മിറ്റി. അതു കൊണ്ട് തന്നെയാണ് പള്ളിയുടെ ഉള്ളറകൾ പ്രദേശവാസികൾ ആദ്യം കാണട്ടെ എന്ന തീരുമാനമെടുത്തതും. ജാതി മത ഭേദമന്യേ സ്ത്രീകളടക്കമുള്ളവർ പള്ളി സന്ദർശിച്ചു. ആശംസയുമായി പന്ന്യന്നൂർ കൂറുംമ്പ കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ബാനറുമുയർത്തി. പള്ളിയുടെ ഉള്ളറകൾ തുറന്നുകാട്ടപ്പെട്ടപ്പോൾ സ്ത്രീകളും, കുട്ടികളടക്കമുള്ളവർ ഫോട്ടോ സെഷൻ്റെ തിരക്കിലമർന്നു. നിരവധിയാളുകളാണ് പള്ളി സന്ദർശിച്ചത്.സന്ദർശിക്കാനെത്തിയവർക്കെല്ലാം ലഘുഭക്ഷണവുമൊരുക്കിയിരുന്നു. പള്ളി കമ്മിറ്റി ഭാരവാഹികളായ എൻ.കുഞ്ഞിമൂസ, ടി.കെ അബ്ദുൽ ലത്തീഫ്, ടി. കുഞ്ഞമ്മദ്, കെ.ടി സമീർ, മാണിക്കോത്ത് ഷംസുദ്ദീൻ, എൻ.കെ റഫീഖ്, കെ.പി റഫീഖ്, എ.മുസ്തഫ, കെ.ടി ഉസ്മാൻ, എന്നിവർ നേതൃത്വം നൽകി.