പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാട്ടാങ്കോട്ട് കുളം സ്പീക്കർ എഎൻ ഷംസീർ നാടിന് സമർപ്പിച്ചു ; കുളം നവീകരിച്ചത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചിലവിട്ട്.
പാനൂർ : പന്ന്യന്നൂർ പഞ്ചായത്തിലെ കിഴക്കെ മനേക്കരയിലെ ചന്ദ്രമോഹൻ മാട്ടാങ്കോട് സംഭാവന ചെയ്ത കുളം ഉൾപ്പടെ 3 സെൻറ് സ്ഥലം നഗര സഞ്ചയിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. കോഴിക്കോട് റീജ്യണൽ എഞ്ചിനീയറിംഗ് കോളേജിൽ റിട്ട. പ്രിൻസിപ്പലായിരുന്ന ചന്ദ്രമോഹൻ മാതാപിതാക്കളായ ടി.എൻ ഗോവിന്ദൻ അടിയോടി – സിഎച്ച് നാരായണി, സഹോദരങ്ങളായ ജയദേവൻ, അഡ്വ.വിജയ ലക്ഷ്മണൻ എന്നിവരുടെ സ്മരണക്കായാണ് സ്ഥലം സംഭാവന ചെയ്തത്. ഏവർക്കും അനുകരണീയമായ മാതൃകാ പ്രവൃത്തിയാണ് ചന്ദ്രമോഹൻ്റേതെന്ന് കുളം ഉദ്ഘാടനം നിർവഹിച്ച് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് ഞ്ചായത്തധ്യക്ഷ എ.ശൈലജ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ, എൻ പി രാജൻ, കെ.കെ ബാലൻ, കെ. ഹനീഫ, കെ.പി ഭാർഗവൻ, പന്ന്യന്നൂർ രാമചന്ദ്രൻ, ജിജേഷ്, പഞ്ചായത്ത് സെക്രട്ടറി വി.കെ അജി എന്നിവർ സംസാരിച്ചു. അസി. എഞ്ചിനീയർ പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്ര രചനയുടെ ഭാഗമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് രചിച്ച ആത്മവിശ്വാസത്തിൻ്റെ 9125 ദിന രാത്രങ്ങൾ എന്ന ചരിത്ര പുസ്‌തകത്തിന്റെ പ്രകാശനം സ്‌പീക്കർ എ.എൻ.ഷംസീർ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന കുടുംബശ്രീ അംഗം മന്ദമ്പത്ത് ലക്ഷ്മിക്ക് നൽകി നിർവഹിച്ചു.