Latest News From Kannur

കോഴിക്കോട് ജില്ലയിൽ വൻകിട സ്ഥാപനത്തിൽ നിന്നും 350 കിലോ നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ പിടിച്ചു സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി

0

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ചെറുകിടകച്ചവടക്കാർക്ക് വില്പന നടത്തുന്നതിന് വേണ്ടി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് ഈസ്റ്റ്‌ കല്ലായിയിലെ തിരുത്തുമ്മൽ പ്രവർത്തിക്കുന്ന സലാല ഏജൻസിയിൽ നിന്നാണ് ജില്ലാ ശുചിത്വ മാനേജ്മെന്റ് എൻഫോസ്‌മെന്റ് സ്‌ക്വാഡും, കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് പിടിച്ചെടുത്തത് , സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തി. ഒറ്റ തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക്‌ ക്യാരി ബാഗുകൾ, പ്ലാസ്റ്റിക്ക്‌ കപ്പുകൾ പ്ലേറ്റുകൾ എന്നിങ്ങനെയുള്ള 350 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. വൻതോതിൽ നിരോധിത പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചത് ബോധ്യപെട്ടതിനാൽ ,തുടർ നിയമ ലംഘനം ഉണ്ടായാൽ സ്ഥാപനം അടച്ചു പൂട്ടുന്നതാണ് എന്ന് ഉടമയായ ഏ. സി. മുഹമ്മദലി, തിരൂർ എന്നവർക്ക് നോട്ടീസ് നൽകി.
സംസ്ഥാന സർക്കാർ പൂർണമായും നിരോധിച്ച പ്ലാസ്റ്റിക്ക്‌ വസ്തുക്കൾ ധാരാളമായി ചെറുകിട കച്ചവടക്കാർക്ക് ലഭിക്കുന്ന സാഹചര്യ ത്തിലാണ് വൻകിട സംഭരണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. കോഴിക്കോട് ജില്ലയിൽ എൻഫോസ്‌മെന്റിന്റെ പ്രവർത്തന ഫലമായി കഴിഞ്ഞ 6 മാസത്തിനിടയിൽ 8000കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 36 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രാബല്യത്തിലായതിന് ശേഷം മാലിന്യ – ശുചിത്വ രംഗത്തു നിയമ ലംഘനത്തിനെതിരെ കർശന നടപടികളാണ് ശുചിത്വ എൻഫോസ്‌മെന്റ് സ്‌ക്വാഡും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും സ്വീകരിച്ചു വരുന്നത്. റെയ്ഡിന് ജില്ല സ്‌ക്വാഡ് അംഗങ്ങളായ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് എ. അനിൽകുമാർ, ഹെഡ് ക്ലർക്ക് എം. പി ഷാനിൽകുമാർ, കോർപറേഷൻ സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ബിജുജയറാം, കെ. സുബൈർ, ജി. എസ് ദേവസേനൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ
ടി. കെ അശോകൻ, കെ . വിനോദ്കുമാർ,കെ. സതീശൻ, വി. മനീഷ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.