പ്രാണപ്രതിഷ്ഠ 12.29നും 31നും മധ്യേ, മുഹൂര്‍ത്തം 84 സെക്കന്‍ഡ്; വിഗ്രഹത്തില്‍ ജലാഭിഷേകം, അയോധ്യയില്‍ അടക്കം ലക്ഷക്കണക്കിന് മണ്‍ചിരാതുകള്‍ തെളിയും
ലഖ്‌നൗ:അയോധ്യയിലെശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് തുടങ്ങും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. വെറും 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത് മുഹൂര്‍ത്തം. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നതെന്ന് വേദ പണ്ഡിതര്‍ പറയുന്നു. അഭിജിത് മുഹൂര്‍ത്തം രാവിലെ 11.51ന് ആരംഭിച്ച് 12.33 വരെ തുടരുംപ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മോദി എക്‌സില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും മോദി പറഞ്ഞു. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.