Latest News From Kannur

ആകാശത്ത് വിസ്മയമൊരുക്കാന്‍ സൂര്യ കിരണ്‍ എയ്‌റോബാറ്റിക്ക് ടീം; മ്യൂസിക്ക് സിംഫണി, ലേസര്‍ ഷോ, വെടിക്കെട്ട്; ഫൈനല്‍ കളറാകും

0

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഗ്രാന്‍ഡ് ഫിനാലെ കളറാകും. മത്സരത്തിന് മുന്‍പും ഇടവേളകളിലും അരങ്ങേറുന്നത് വമ്പന്‍ കലാ വിരുന്നുകളും അഭ്യാസ പ്രകടനങ്ങളും. ജീവിത കാലത്തു എന്നെന്നും ഓര്‍ക്കാനുള്ള വിരുന്നായിരിക്കും ഫൈനല്‍. ത്രില്ലര്‍ പോരാട്ടങ്ങള്‍ കണ്ട ഈ ലോകകപ്പിന്റെ ഓര്‍മകള്‍ക്കൊപ്പം ഫൈനല്‍ ദിവസത്തെ മാസ്മരിക വിരുന്നുമുണ്ടാകുമെന്നു ബിസിസിഐ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മുതലാണ് പോരാട്ടം. 1.35 മുതല്‍ 15 മിനിറ്റ് നേരം ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ എയ്‌റോബാറ്റിക്ക് ടീം നടത്തുന്ന ആകാശത്തെ അഭ്യാസങ്ങള്‍ കാണാം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നു പറന്നുയരുന്ന ഒന്‍പത് വിമാനങ്ങള്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിനു മുകളിലെ ആകാശത്ത് മാസ്മരിക പ്രകടനം തീര്‍ക്കും. കളിക്ക് മുന്‍പ് ആരാധകര്‍ക്ക് മറ്റൊരു ആവേശമായി ഇതു മാറുമെന്നു അധികൃതര്‍ പറയുന്നു.

ഇന്നിങ്‌സ് ഇടവേളയിലും ഡ്രിങ്ക്‌സ് ഇടവേളയിലും മ്യൂസിക്ക് സിംഫണി വിരുന്നാണ് മറ്റൊരു സവിശേഷത. പ്രഗത്ഭരായ സംഗീതജ്ഞരുടെ നിരയാണ് ആരാധകര്‍ക്കായി അണിനിരക്കുന്നത്. ജോനിത ഗാന്ധി, നകാഷ് അസിസ്, അമിത് മിശ്ര, ആകാശ് സിങ്, തുഷാര്‍ ജോഷി, ആദിത്യ ഗഥാവി എന്നിവരായിരിക്കും സിംഫണിയുമായി എത്തുക.  1200ത്തിലധികം ലൈറ്റുകള്‍ വിന്യസിച്ചുള്ള ലേസര്‍ ഷോയുമുണ്ടാകും. വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ടും ലോകകപ്പ് കലാശപ്പോരിനുണ്ടാകും.

Leave A Reply

Your email address will not be published.