കോഴിക്കോട് :മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം ശുചിത്വ മോണിറ്ററിംഗ് കമ്മറ്റിയുടെ യോഗം പുതിയറ എസ് കെ പൊറ്റക്കാട്ട് ഹാളിൽ ചേർന്നു. മാലിന്യ മുക്ത പ്രതിജ്ഞയോടെയാണ് യോഗം ആരംഭിച്ചത്.പുരാവസ്തു ,തുറമുഖം ,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അവലോകന യോഗം ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ് അസി.ഡയറക്ടർ പൂജാ ലാൽ ആമുഖാവതരണം നടത്തി. 2024 ജനുവരി 26 നുള്ളിൽ കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിനായി മണ്ഡലത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. കോർപ്പറേഷൻ നടത്തിയ പ്രവർത്തനങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാർഗനിർദ്ദേശം യോഗത്തിൽ മന്ത്രി നൽകി. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം 100% ലക്ഷ്യം കൈവരിക്കുക,ഹരിതകർമ്മസേനയുടെ പ്രവർത്തനം ശാസ്ത്രീയമാക്കുക, പൊതുസ്ഥലത്തെ മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യുക , എം സി എഫ്, മിനി എം സി എഫ് എന്നിവ ഇല്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉൽപ്പാദനം, വിതരണം, ഉപയോഗം എന്നിവ തടയുക, എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്നിവയിൽ കൂടുതൽ പ്രവർത്തനം യോഗം ആസുത്രണം ചെയ്തു. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ടൈം ടേബിൾ വെച്ച് ഊർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന മാലിന്യങ്ങള്‍ അലക്ഷ്യമായി എറിയുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പിനെതിരെയും ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം ആവശ്യപ്പെട്ടു.കോഴിക്കോട് കോര്പ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഡോ. എസ് ജയശ്രീ , മാലിന്യമുക്തം നവകേരളം കോ – ഓഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഗൗതമൻ എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ കാര്യാലയത്തിലെയും കോഴിക്കോട് കോർപ്പറേഷനിലെയും വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.