കണ്ണൂർ : ധര്‍മ്മടം മണ്ഡലം നവകേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവകേരള സ്റ്റുഡന്റ്‌സ് വോളിബോള്‍ ടൂര്‍ണ്ണമെന്റിന് നവംബര്‍ 4 ശനിയാഴ്ച തുടങ്ങും . 4, 5, 6 തീയതികളിലായി വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റ് രണ്ട് മണിക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ വോളി താരം കിഷോര്‍ കുമാര്‍ മുഖ്യാതിഥിയാകും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എം സുര്‍ജിത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്ന് മണിക്ക് സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരും ദല്ല വോളി ടീമുമായി ഏറ്റുമുട്ടുന്ന വനിതാ വോളി പ്രദര്‍ശനമത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തിലെ സ്‌കൂള്‍ സീനിയര്‍ ടീമുകളുടെ മത്സരം നടക്കും. അഞ്ചിന് ജൂനിയര്‍ ടീമുകളുടെ മത്സരമാണ് നടക്കുക. ആറിന് ഫൈനല്‍ മത്സരങ്ങളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി വോളിയും നടക്കും. എ സി പി വിനോദ് കുമാര്‍ നയിക്കുന്ന കൂത്തുപറമ്പ് സബ് ഡിവിഷൻ ടീം ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും അണിനിരക്കുന്ന കണ്ണൂര്‍ പ്രസ്സ് ക്ലബ് ടീമുമായി സെലിബ്രിറ്റി വോളിയില്‍ ഏറ്റുമുട്ടും. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നിര്‍വ്വഹിക്കും. നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 21 ന് ഉച്ചക്ക് 3.30ന് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കും.