കണ്ണൂർ : തളിപ്പറമ്പ് മണ്ഡലത്തില്‍ ഒരുവര്‍ഷം കൊണ്ട് പതിനഞ്ചായിരം ഉദ്യോഗാര്‍ഥികളെ ലോകതൊഴില്‍ കമ്പോളത്തില്‍ തൊഴില്‍ നേടാന്‍ ശേഷിയുള്ളവരായി ഉയര്‍ത്തുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. തളിപ്പറമ്പ് സ്‌കില്‍ ഡെവലപ്‌മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് എംപ്ലോയ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ആക്ഷന്‍ പ്ലാന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാര്‍ഥികളെ അഭിമുഖങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ പരിശീലനം നല്‍കും. അവരില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം വളര്‍ത്തും. സംരംഭകത്വം വളര്‍ത്തുന്നതിനുള്ള പ്രോത്സാഹനം നല്‍കുമെന്നും ഇതിലൂടെ നാടിന്റെ സുസ്ഥിരവികസനവും സാമ്പത്തിക മുന്നേറ്റവും ഉറപ്പാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലന്വേഷകര്‍ക്ക് സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുക. യോഗ്യത, കഴിവുകള്‍, കരിയര്‍ ലക്ഷ്യങ്ങള്‍ എന്നിവ വിലയിരുത്തി അനുയോജ്യമായ പരിശീലനവും സഹായവും നല്‍കും. സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ളവരെ സംരംഭകത്വ പരിപാടിയിലൂടെ പരിശീലനം നല്‍കും. മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുന്നതിന് പുതിയ കഴിവുകള്‍ നേടുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനുമായി സ്‌കില്‍ ഗ്യാപ് വിശകലനം നടത്തുകയും പരിശീലനം നല്‍കുകയും ചെയ്യും.
കരിമ്പം ഐ ടി കെയില്‍ നടന്ന പരിപാടിയില്‍ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. സംവിധായിക വിധു വിന്‍സന്റ്, ലൈഫോളജി സി ഇ ഒ പ്രവീണ്‍ പരമേശ്വരന്‍, കേരള നോളജ് മിഷന്‍ ജനറല്‍ മാനേജര്‍ പി എം റിയാസ്, മലബാര്‍ റീജിയണ്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഓഫീസര്‍ വിഘ്‌നേഷ് രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, കേരള നോളജ് എക്കണോമി മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി പി സൗമ്യ എന്നിവര്‍ പങ്കെടുത്തു.