മാഹി : മാഹി മേഖലയിലെ 31 ഓളം വരുന്ന ഭിന്നശേഷി ക്കാരുടെ പെൻഷൻ അനുവദിച്ചതായി പുതുച്ചേരി സാമൂഹ്യ ക്ഷേമ വകുപ്പ് ഡയരക്ടർ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ മാഹി കരുണ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു. ഇതോടെ രണ്ടു വർഷത്തോളമായി അപേക്ഷ നൽകിയവരുടെ കാത്തിരിപ്പാണ് അവസാനിച്ചത്. മുൻകാലങ്ങളിൽ ഇവർക്ക് ലഭിച്ചിരുന്ന യാത്രാ ബത്തയും വികലാംഗ ദിനത്തിൽ നൽകാറുളള വസ്ത്ര വിതരണം ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും മാഹി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കന്നമെന്നും വികലാംഗ ദിനം വിപുലമായി ആഘോഷിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു ഡയരക്ടർക്ക് നേരിട്ട് നിവേദനം നൽകി. ഭിന്നശേഷിക്കാരുടെ പെൻഷൻ അനുവദിച്ചു തരണമെന്ന കരുണ അസോസിയേഷന്റെ നിരന്തരമായ ആവശ്യം അംഗികരിച്ച സാമൂഹ്യ ക്ഷേമ വകുപ്പിന്റെ തീരുമാനത്തെ അസോസിയേഷൻ ഭാരവാഹികളായ ശിവൻ തിരുവങ്ങാടൻ, രതി, സജീർ, ഷാജഹാൻ തുടങ്ങിയവർ അഭിനന്ദിച്ചു.