കണ്ണൂര്‍ : വൊക്കേഷണല്‍ വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ക്ക് വേദിയൊരുക്കുന്നതിന് സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്‌കില്‍ ഷെയര്‍ 2023-24 പദ്ധതിയുടെ ഭാഗമായ പ്രൊജക്ടുകളുടെ ജില്ലാതല അവതരണം നടന്നു. കണ്ണൂര്‍ ശിക്ഷക്‌സദനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കുന്ന നൈപുണി അടിസ്ഥാനമാക്കിയുള്ള നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക, സമൂഹം അഭീമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നൈപുണികള്‍ ഉപയോഗിച്ച് പരിഹാരം കണ്ടെത്താനുള്ള പ്രാവീണ്യം വിദ്യാര്‍ഥികളില്‍ രൂപപ്പെടുത്തുക എന്നിവയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്രദമായ പദ്ധതി യഥാര്‍ഥ തൊഴില്‍ സാധ്യകള്‍ പരിചയപ്പെടാന്‍ കുട്ടികള്‍ക്ക് അവരസമൊരുക്കുന്നു. ഇങ്ങനെ സാമൂഹിക ഉത്തരവാദിത്വമുള്ളവരായി കുട്ടികളെ മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
പി ടി എയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിലവിലുള്ള കോഴ്‌സുമായി ബന്ധപ്പെട്ട പ്രൊജക്ട് തയ്യാറാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന ആശയങ്ങളാകും ഇത്തരത്തില്‍ രൂപപ്പെടുത്തുക. ഒരോ സ്‌കൂളുകളും ഒരോ പ്രൊജക്ടുകള്‍ തയ്യാറാക്കി. അതിന്റെ അവതരണത്തിനായി നാലുമുതല്‍ ആറുവരെ അംഗങ്ങള്‍ അടങ്ങിയ കുട്ടികളുടെ തെരഞ്ഞെടുത്ത ഗ്രൂപ്പിനെ ഓരോ സ്‌കൂളും നിയോഗിച്ചു.
ജില്ലയിലെ 19 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും ഓരോ ഗ്രൂപ്പുകള്‍ വീതം ജില്ലാതല അവതരണത്തില്‍ പങ്കെടുത്തു. ഇവയില്‍ നിന്നു ജില്ലാതല വിലയിരുത്തല്‍ സമിതി അഞ്ച് മികച്ച പ്രൊജക്ടുകള്‍ കണ്ടെത്തി അവ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാന്‍ പരമാവധി 50000 രൂപ വരെ ധനസഹായം നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് 40 ശതമാനം തുക സകൂളിന് മുന്‍കൂറായി നല്‍കും. ബാക്കി തുക പ്രവര്‍ത്തന പുരോഗതി വിലയിരുത്തി രണ്ട് ഘട്ടമായി 30 ശതമാനം വീതം നല്‍കും. ഏതെങ്കിലും പ്രൊജക്ടിന് തുക 50000 രൂപയില്‍ അധികരിക്കുകയാണെങ്കില്‍ അത് പ്രാദേശികമായി കണ്ടെത്തണം. മൂന്നുമാസത്തിനകം പ്രൊജക്ട് പൂര്‍ത്തീകരിക്കും. നടപ്പാക്കിയ പ്രൊജക്ടുകളില്‍ മികച്ചവ സംസ്ഥാനതലത്തിലേക്കും തെരഞ്ഞെടുക്കും. സംസ്ഥാനതലത്തിലെ പ്രൊജക്ട് അവതരണത്തിന് ശേഷം അവയില്‍ നിന്നും മികച്ചവയെ കണ്ടെത്തും.
എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, വി എച്ച് എസ് ഇ അസി. ഡയറക്ടര് ഉദയകുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് എന്നിവര്‍ മുഖ്യാതിഥികളായി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.രമേശന്‍ കടൂര്‍, കെ രാജേഷ്, ഡോ. പി കെ സഭിത്ത്, ജില്ലാ സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ വിജേഷ് വി ജയരാജ്,സ്‌കില്‍ ഷെയര്‍ വി എച്ച് എസ് ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ എസ് ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.