നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്തിലെ കസ്തൂരി കുളത്ത് പഴയ ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഷാഫി ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നും അശാസ്ത്രീയമായി മലിനജലം പുറത്തെ പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനാൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടി .സ്ഥാപന ഉടമ ടി അബ്ദുറഹിമാൻ എന്നവർക്ക് 10000 രൂപ പിഴയിട്ടു. സ്ഥാപനത്തിലെ ചികിത്സ നിർത്തിവെച്ചു .മതിയായ രേഖകൾ ഹാജരാക്കാനും ,മലിനജലം ഒഴുക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും സ്ഥാപനത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും ഉടമക്ക് നിർദ്ദേശം നൽകി . സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന മരുന്ന് വിൽപ്പന ശാല അധികൃതമാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാനും യോഗ്യതയുള്ള വ്യക്തികളെ വച്ച് മാത്രമേ ഫാർമസി നടത്താൻ പാടുള്ളൂ എന്നും നിർദ്ദേശം നൽകി. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ആർ ശ്രീജിത്ത് ,സി പ്രസാദ് എന്നിവർ പങ്കെടുത്തു.
മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തിനും, മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിട്ടതിനും, ശുചിത്വം പാലിക്കാത്തതിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് സ്ഥാപനങ്ങൾക്കെതിരെയാണ് നാദാപുരം ഗ്രാമ അധികൃതർ നടപടി സ്വീകരിച്ചത് .മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് നൽകി പിഴ ചുമത്തിയിരുന്നു. ദ്രവമാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കി വിട്ടതിന് 5 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. പുറത്തേക്ക് സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യുകയും ചെയ്തു. വിവിധ സ്ഥാപനങ്ങൾക്ക് ആകെ 20,000 /രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് –
എ ടു സെഡ് കഫ്റ്റേരിയ,ഹോട്ടൽ പ്രകാശ്, ചിക്കീസ് റസ്റ്റോറൻറ് ,ഹോട്ടൽ ഫുഡ് പാർക്ക് ,മൺകുടം സർബത്ത് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടപടിയെടുത്തത്.