തകര്‍പ്പന്‍ ബാറ്റിങുമായി കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍; ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണ മേഖലയ്ക്ക് ഉജ്ജ്വല വിജയം
പുതുച്ചേരി: മലയാളി താരവും വൈസ് ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ദക്ഷിണ മേഖലയ്ക്ക് ദേവ്ധര്‍ ട്രോഫി ക്രിക്കറ്റ് പോരില്‍ വന്‍ ജയം. 185 റണ്‍സിനു അവര്‍ ഉത്തര മേഖലയെ തകര്‍ത്തെറിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല നിശ്ചി 50 ഓവറില്‍ അടിച്ചെടുത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. മറുപടി പറഞ്ഞ ഉത്തര മേഖല വെറും 60 റണ്‍സില്‍ പുറത്തായി. മഴയെ തുടര്‍ന്നു മത്സരം 28 ഓവറില്‍ 246 റണ്‍സാക്കി ഉത്തര മേഖലയുടെ ലക്ഷ്യം നിജപ്പെടുത്തിയിരുന്നു. വിജെഡി (വി ജയദേവന്‍) നിയമമനുസരിച്ചാണ് വിജയം നിര്‍ണയിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹന്‍ കുന്നുമ്മല്‍ 61 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്തു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണ മേഖലയ്ക്കായി രോഹന്‍ കുന്നുമ്മലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. മായങ്കും അര്‍ധ സെഞ്ച്വറി നേടി. ഇരുവരും ഓപ്പണിങില്‍ 117 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹന്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് 70 റണ്‍സ് വാരിയത്. മായങ്ക് 64 റണ്‍സെടുത്തു. ഇരുവര്‍ക്കും പുറമേ നാരായണ്‍ ജഗദീശന്‍ 72 റണ്‍സും നേടി. നോര്‍ത്ത് സോണിനായി ഋഷി ധവാനും മായങ്ക് മാര്‍കണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.246 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ നോര്‍ത്ത് സോണിനെ വിദ്വത് കവേരപ്പ തകര്‍ത്തു. താരം ആറോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. വൈശാഖ് വിജയ് കുമാര്‍ രണ്ട് വിക്കറ്റ് നേടി. 18 റണ്‍സെടുത്ത മന്‍ദീപ് സിങ്ങാണ് നോര്‍ത്ത് സോണിന്റെ ടോപ് സ്‌കോറര്‍.