16 വയസ് മാത്രം; ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രമെഴുതി കൊറിയന്‍ പെണ്‍കുട്ടി
സിഡ്‌നി: ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയയുടെ 16കാരിക്ക്. ലോകകപ്പില്‍ കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്ന വനിതാ, പുരുഷ കളിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയത് കൊറിയന്‍ താരം കാസി ഫയറാണ്. നടന്നു കൊണ്ടിരിക്കുന്ന വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ പകരക്കാരിയായി ഇറങ്ങിയാണ് കാസി ചരിത്രമെഴുതിയത്. ഗ്രൗണ്ടിലിറങ്ങുമ്പോള്‍ താരത്തിന്റെ പ്രായം 16 വയസും 26 ദിവസവും ആയിരുന്നു.
നൈജീരിയന്‍ വനിതാ താരമായിരുന്ന ഇഫിനെയി ചിയീജിനെ 1999ല്‍ ലോകപ്പ് കളിക്കാനിറങ്ങിയ റെക്കോര്‍ഡാണ് പഴങ്കഥയായത്. അന്ന് 16 വയസും 34 ദിവസവുമായിരുന്നു നൈജീരിയ താരത്തിന്റെ പ്രായം. കൊളംബിയക്കെതിരായ മത്സരത്തില്‍ സ്‌ട്രൈക്കറായ താരം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മത്സരം 2-0ത്തിന് ദക്ഷിണ കൊറിയ പരാജയപ്പെടുകയും ചെയ്തു.