തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ശൂരനാട് സ്വദേശി സ്മിത കുമാരിയുടെ (42) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ആശുപത്രിയില്‍ അന്തേവാസിയായിരുന്ന കൊല്ലം കന്നിമേല്‍ചേരി സ്വദേശി സജ്‌ന മേരി (29) പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2022 നവംബര്‍ 29നാണ് സ്മിത കൊല്ലപ്പെട്ടത്. സെല്ലിനുള്ളില്‍ കഴിഞ്ഞിരുന്ന സ്മിതയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു ക്ഷതമേറ്റതായി പറയുന്നു. കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ കൊലപാതകമാണന്ന് പറയുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു.