Latest News From Kannur

പദ്ധതികൾ ഡിസമ്പറോടെ പൂർത്തിയാക്കും

0

പാനൂർ :  കൂത്തുപറമ്പ് മണ്ഡലത്തിലെ നിലവിലുള്ള മുഴുവൻ വികസനപദ്ധതികളും ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ അവലോകന യോഗം തീരുമാനിച്ചു. പ്രശ്നങ്ങളും തടസ്സങ്ങളും വിശകലനം ചെയ്ത യോഗം വകുപ്പുതല സഹകരണം ഉറപ്പാക്കി പദ്ധതികൾക്ക് വേഗം കൂട്ടാൻ തീരുമാനിച്ചു. ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരമാണ് തലശേരി അസി. കലക്ടർ സന്ദീപ് കുമാറിൻ്റെ സാന്നിധ്യത്തിൽ കെ.പി.മോഹനൻ എം.എൽ.എ. അവലോകന യോഗം ചേർന്നത്.

പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കാൻ പരിശ്രമിക്കുന്നതിന് പകരം ചില ഉദ്യോഗസ്ഥർ നിസ്സാരമായ പ്രശ്നങ്ങൾ പറഞ്ഞ് വഴിമുടക്കുകയാണെന്നും എം.എൽ.എ. ചൂണ്ടിക്കാട്ടി. ഓരോ പ്രദേശത്തേയും ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങളാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും മറ്റും ഉപയോഗിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നതെന്ന ബോധം ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാവണം. സർക്കാർ മാനദണ്ഡപ്രകാരമല്ല പ്രവൃത്തിയെന്ന് മറുപടി നൽകാൻ 10 മാസമെടുത്ത കാര്യം എം.എൽ.എ.യോഗത്തിൽ ചൂണ്ടിക്കാട്ടി.
കെ.കെ. ശൈലജ ടീച്ചറുടെ ഫണ്ടുപയോഗിച്ച് ബസ്സ് ഷെൽട്ടർ നിർമിക്കാൻ നിർദേശിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഉചിതമായ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു. ചില പദ്ധതികളുടെ നടത്തിപ്പിന് സർക്കാറിൻ്റെ മാർഗനിർദേശങ്ങളിൽ ഇളവ് വരുത്തി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് എം.എൽ.എ.അറിയിച്ചു. പഞ്ചായത്ത് – മുനിസിപ്പൽ തലങ്ങളിൽ ഇത്തരത്തിലുള്ള അവലോകന യോഗങ്ങൾ ചേരാനും ധാരണയായിട്ടുണ്ട്.
കൂത്തുപറമ്പ് താലൂക്ക് ആസ്‌പത്രി, ജെൻഡർ കോംപ്ലക്സ്, മജിസ്ട്രേറ്റ് കോടതി, ചെറുവാഞ്ചേരി സ്റ്റേഡിയം, കുന്നോത്ത്പറമ്പ് ഇൻഡോർ സ്റ്റേഡിയം, മൊകേരി കൺവെൻഷൻ സെൻ്റർ, പെരിങ്ങത്തൂർ – ബാവാച്ചി റോഡ്, പെരിങ്ങളം പി.എച്ച്.സി. കെട്ടിടം, തുരുത്തിമുക്ക് പാലം, കല്ലാച്ചേരിക്കടവ് പാലം, പത്തായക്കല്ല് പാലം തുടങ്ങിയ നിർമാണ പ്രവൃത്തികളുടെ നിലവിലുള്ള സ്ഥിതിഗതികൾ യോഗം ചർച്ച ചെയ്തു.
പാനൂർ നഗരസഭ ചെയർമാൻ വി.നാസർ, കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ, മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സൻ, പാട്യം പ്രസിഡൻ്റ് എൻ.വി. ഷിനിജ, തൃപ്പങ്ങോട്ടൂർ പ്രസിഡൻ്റ് വി.കെ.തങ്കമണി, കുന്നോത്ത്പറമ്പ് പ്രസിഡൻ്റ് കെ.ലത, കൂത്തുപറമ്പ് നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.അജിത,തദ്ദേശ സ്വയംഭരണ വകുപ്പ് അസി.ഡയറക്ടർ ജെ.അനീഷ്, എക്സിക്യുട്ടീവ് എൻജിനീയർ സി.എം. ജാൻസി, വാട്ടർ അതോറിറ്റി എക്സി.എൻജീനിയർ എം.പ്രകാശൻ, പൊതുമരാമത്ത് റോഡ് വിഭാഗം അസി.എക്സി. എൻജീനീയർ ഷീല ചോരൻ, കെട്ടിടവിഭാഗം അസി. എക്സി.എൻജീനീയർ എസ്.കെ.ലജീഷ് കുമാർ, കെ.ആർ.എഫ്.ബി. അസി.എക്സി. എൻജീനീയർ കെ. പ്രജിത്ത് കുമാർ, കെ.എസ്.ഇ.ബി. പാനൂർ അസി.എക്സി. എൻജീനീയർ ജെ.എം.സുജാത , കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave A Reply

Your email address will not be published.