Latest News From Kannur

മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എംവി ഗോവിന്ദന്‍.

0

തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ് ഇടതു മുന്നണിയിലേക്കു വരണമോയെന്ന് ആ പാര്‍ട്ടിയാണ് നിലപാടു പറയേണ്ടതെന്ന് ഗോവിന്ദന്‍ പറഞ്ഞു.ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗിന്റേത് ശരിയായ നിലപാടാണ്. അവര്‍ എടുത്ത ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ട്, ഇപ്പോഴും പിന്തുണയ്ക്കുന്നു. ഇതു തന്നെയായിരിക്കും ഭാവിയിലും നിലപാട്. എല്‍ഡിഎഫിന് അനുകൂലമായ നിലപാടു സ്വീകരിക്കുന്നുവെന്ന് ലീഗ് പറഞ്ഞാല്‍ അപ്പോള്‍ അക്കാര്യത്തില്‍ പ്രതികരിക്കാം. ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ വര്‍ഗീയവാദികളും വ്യക്തതയില്ലാത്ത കോണ്‍ഗ്രസും ഒഴികെ എല്ലാവരുമായും സഹകരിച്ചു മുന്നോട്ടുപോവും. ഏക സിവില്‍ കോഡ് രാജ്യത്തെ ഇപ്പോഴത്തെ പരിസ്ഥിതിയില്‍ നടപ്പാക്കാനാവില്ലെന്നാണ് ഇഎംഎസ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതില്‍ വര്‍ഗീയവാദികള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.