കൊച്ചി: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചു. തിരക്കില്ലാത്തപ്പോൾ യാത്രാ നിരക്കിൽ 50ശതമാനം നിരക്കിളവ് നൽകിയിരുന്നു. നിലവിൽ ഒൻപത് മണി മുതൽ 11 മണി വരെ രണ്ട് മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാമായിരുന്നെങ്കിൽ വ്യാഴാഴ്ച്ച മുതൽ ഇത് ഒരു മണിക്കൂറാക്കി കുറച്ചു. ഇനി രാത്രി 10 മുതൽ 11 മണി വരെ മാത്രമേ 50ശതമാനം നിരക്കിളവ് ലഭിക്കൂ. തിരക്കില്ലാത്ത സമയത്തു മെട്രോ ട്രെയിനിലേക്കു യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണു 50ശതമാനം നിരക്കിളവ് നൽകിയിരുന്നത്. രാവിലെ 5:45 മുതൽ എട്ട് മണി വരെ രണ്ടേകാൽ മണിക്കൂർ നൽകിവരുന്ന നിരക്കിളവ് തുടർന്നും ലഭിക്കും.തുടക്കത്തിൽ രാത്രി എട്ട് മണി മുതൽ 11 വരെയാണ് നിരക്കിളവ് നൽകിയിരുന്നത്. ഇതു പിന്നീട് ഒൻപത് മുതൽ 11 വരെയാക്കി. ഇതാണ് ഇപ്പോൾ 10 മുതൽ 11 വരെയായി നിജപ്പെടുത്തിയത്.