പാനൂർ: കണ്ണവം ട്രൈബൽ യു .പി .സ്‌കൂളിൽ എഗ്ഗ് പോട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു .കുട്ടികൾക്ക് പോഷണങ്ങൾ അവരുടെ ജീവിതത്തിൽ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് .കണ്ണവം കോളനിയിലെ ഭൂരിഭാഗം കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടുവരുന്നു .ഇത് പരിഹരിക്കുന്നതിന് ട്രൈബൽ യു .പി .സ്‌കൂൾ ഈ വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് എഗ്ഗ് പോട്ട് .കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനും ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും സർക്കാർ നൽകുന്നുണ്ട് .വ്യക്തികളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് ബാക്കിയുള്ള 2 ദിവസം കൂടി മുട്ട നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് പി .ടി .എ .നടത്തുന്നത് .വിദ്യാലയത്തിൽ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂർണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് എഗ്ഗ് പോട്ട് പദ്ധതിയിലൂടെ സാധ്യമാകുന്നത് .മുട്ടയിൽ പ്രോട്ടീനുകൾ വൈറ്റമിൻ ഡി ,ഫോളേറ്റ് ,കോളിൻ ,സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ഒരു മുട്ട കഴിക്കുന്നത് കുട്ടിക്ക് മൾട്ടി വിറ്റമിൻ ഭക്ഷണത്തിന് തുല്യമായ പോഷകം നൽകുന്നു .
കുട്ടികളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി നിരവധി പ്രവർത്തനങ്ങളാണ് പി .ടി .എ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെയ്തുവരുന്നത് .ജൂൺ 27 മുതൽ 2024 മാർച്ച് 27 വരെ 76 ദിവസം നടപ്പിലാക്കുന്ന പദ്ധതിയാണ് എഗ്ഗ് പോട്ട്.108 കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്ക് 60,000/- രൂപ ചെലവ് പ്രതീക്ഷിക്കുന്നു .
കൂത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .പി .സുധ പദ്ധതി ഉദ്ഘാടനം ചെയ്തു .പി .ടി .എ .പ്രസിഡന്റ് സി .പി .സന്ധ്യ അധ്യക്ഷത വഹിച്ചു .ബി .പി .സി .എൻ സതീന്ദ്രൻ ,നൂൺ ഫീഡിങ് ഓഫീസർ പി .പി .സജേഷ് ,എസ് .എം .സി ചെയർമാൻ പി .ശരത്കുമാർ ,പ്രധാനാധ്യാപകൻ എ .പി .രാജേഷ് ,എം .ആരിഫ ,ബിന്ദു രാജേഷ് എന്നിവർ സംസാരിച്ചു .
ആയിത്തറ മമ്പറം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ .എസ് .എസ് യൂണിറ്റാണ് ആദ്യ രണ്ടു ദിവസത്തെ മുട്ട സ്പോൺസർ ചെയ്തത്.