പന്ന്യന്നൂർ പഞ്ചായത്ത് മുൻകൈയെടുത്തു, അരയാക്കൂൽ പള്ളി കമ്മിറ്റിയും, സുമനസുകളും കൈകോർത്തു ; ലക്ഷംവീട് കോളനിയിലെ റംലക്ക് വീടായി.
പാനൂർ :
5 വർഷം മുമ്പാണ് അരയാക്കൂൽ തോട്ടോൾ റംലയുടെ ലക്ഷം വീട് കോളനിയിലെ വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ച് നീക്കിയത്. കേൻസർ രോഗി കൂടിയായിരുന്നു റംല. എന്നാൽ പുതിയ വീട് നിർമ്മാണം പല കാരണങ്ങളാൽ നീളുകയായിരുന്നു. റംലയുടെ പേരിൽ സ്ഥലമില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. പിന്നീട് പി എം എ വൈ പദ്ധതിയിലുൾപ്പെടുത്തി സ്ഥലം അനുവദിച്ച് വീട് പണിയാരംഭിക്കുകയായിരുന്നു. ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണിപൂർത്തീകരിക്കാത്ത വീടുകൾക്കുള്ള ധനസഹായവും ലഭ്യമാക്കിയാണ് വീട് പണി ആരംഭിച്ചത്. എന്നാൽ വീടു പണി പൂർത്തിയാക്കാനായില്ല. വീട് പൊളിച്ചതോടെ ആശാവർക്കർ എം.നിഷയുടെ വീട്ടിലായിരുന്നു റംലയുടെ താമസം. നിഷയിൽ നിന്നും വിവരങ്ങളറിഞ്ഞ പന്ന്യന്നൂർ നെല്ല്യാർസിൽ സമീറ സുഹൃത്തായ പന്ന്യന്നൂരിലെ മലർവാടിയിൽ ജമീലയോട് റംലയുടെ വിവരങ്ങൾ പറയുകയും, ആരോരുമില്ലാത്ത റംലയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഭർത്താവ് കാസിമും, മക്കളും ജമീലയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ ഏറെക്കാലം മലർവാടിയിലായിരുന്നു റംലയുടെ വാസം. ഇതിനിടെ പാതി വഴിയിൽ നിലച്ച വീടുപണിക്ക് പന്ന്യന്നൂർ പഞ്ചായത്തിൻ്റെ അഭ്യർത്ഥന പ്രകാരം അരയാക്കൂൽ പള്ളി കമ്മിറ്റി സഹായവുമായെത്തുകയായിരുന്നു. സുമനസുകളും വീട് നിർമ്മാണത്തിന് സഹായവുമായെത്തി. വീടിൻ്റെ താക്കോൽ ദാനം പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ നിർവഹിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എംവി ബീന, വാർഡംഗങ്ങളായ സ്മിതാ സജിത്ത്, പി.കെ ഷിറോഷ്, പള്ളികമ്മിറ്റി ഭാരവാഹികളായ സി. നൗഷാദ്, ഉമ്മർ എന്നിവർ സംസാരിച്ചു.