Latest News From Kannur

രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കാനാവില്ല: ഹൈക്കോടതി

0

കൊച്ചി: രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ മാറാടി സ്വദേശികളായ വിവി മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ളതിനാല്‍ തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എഐ കാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണു ഹര്‍ജി.

ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഹര്‍ജിക്കാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. മൂവാറ്റുപുഴ ആര്‍ടിഒ പരിധിയിലുള്ള മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നൂതന എഐ കാമറ സംവിധാനം നടപ്പാക്കിയ സര്‍ക്കാരിനെയും മോട്ടര്‍വാഹന വകുപ്പിനെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്നു ഹൈക്കോടതി പറഞ്ഞു. ക്യാമറകളും മറ്റ് ഉപകരണങ്ങളും വാങ്ങിയ നടപടികളുടെ സുതാര്യത സംബന്ധിച്ച് എതിര്‍പ്പുണ്ടാകാം. അഴിമതി ആരോപണങ്ങള്‍ വേറെ പരിഗണിക്കേണ്ട വിഷയമാണ്. അതിന്റെ പേരില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ നൂതന സംരംഭത്തെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.