പാനൂർ : പ്രവൃത്തി നടത്താത്ത നടപ്പാതക്ക് 3.49 ലക്ഷം രൂപ അനുവദിച്ചെന്ന് സിറ്റിസൻ ഇൻഫർമേഷൻ ബോർഡിൽ രേഖപ്പെടുത്തി കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാന് സമർപ്പിച്ച പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഓംബുഡ്സ്മാൻ തീരുമാനം. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. ചാത്തുക്കുട്ടിയുടെ പരാതിയിന്മേലാണ് നിലവിലുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബി.പി.ഒ. കുത്തുപറമ്പ് , ജെ.പി.സി, എം ജി എൻ ആർ ഇ ജി എസ് കണ്ണൂർ എന്നിവർക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകിയത്.തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കരുവള്ളിച്ചാൽ മുതൽ കുഞ്ഞിപ്പറമ്പത്ത് വരെയുള്ള നടപ്പാത നിർമ്മാണ പ്രവൃത്തി സംബന്ധിച്ചാണ് പരാതിയുണ്ടായത്. ഈ നടപ്പാതക്ക് പകരം സമീപത്തെ മറ്റൊരു സ്ഥലത്ത് കോൺക്രീറ്റ് റോഡ് നിർമ്മാണമാണത്രെ നടത്തിയത്.ഗ്രാമപഞ്ചായത്ത് ആക്ഷൻ പ്ലാനിൽ ഉൾപ്പെടാത്ത ഒരു പ്രവൃത്തി , തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്ത് തുക അനുവദിച്ചത്. നിയമലംഘനമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്നും സർക്കാർ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡ് തല പരിശോധന നടത്തിയിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കില്ലായിരുന്നു എന്നും ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടുന്നു.ഇനിയും ഈ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി വൈകിയാൽനിയമപരമായ വഴികളിലൂടെ തുടർന്നടപടികൾ സ്വീകരിക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. ചാത്തുക്കുട്ടി , ജില്ല സെക്രട്ടറി എം.കെ.രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു