Latest News From Kannur

ഓർമ്മകൾ പുതുക്കി സുചേത ജൻവാണി സന്ദർശിച്ചു

0

പാനൂർ : ചിറക്കര സൗപർണികയിൽ സുചേത സതീഷ് പാട്ട് പാടി നേടിയ ഗിന്നസ് റിക്കാർഡിന്റെ ആഹ്ലാദം ആഘോഷിക്കാൻ പാനൂരിലെ കമ്യൂണിറ്റി റേഡിയോ ജൻവാണി എഫ്. എം 90.8 സ്റ്റേഷൻ സന്ദർശിച്ചു. ബാല്യത്തിൽ ജൻവാണി എഫ്.എം റേഡിയോവിൽ പരിപാടികളവതരിപ്പിച്ച സ്മരണകൾ പങ്കുവെക്കാൻ കുടുംബ സമേതമാണ് സുചേത റേഡിയോ സ്റ്റേഷനിലെത്തിയത്. അമ്മ സുമിത ആയില്ല്യത്ത് , വല്യമ്മ അംബിക പദ്മാവതി , വല്ല്യച്ഛൻ എസ്.വി ജയശങ്കരൻ എന്നിവരുൾപ്പെടെ കുടുംബസമേതമുള്ള സന്ദർശനം ജൻവാണി അധികൃതർക്ക് ഹൃദ്യമായ അനുഭവമായി മാറി. റേഡിയോ സ്റ്റേഷൻ ഡയരക്ടർ നിർമ്മൽ മയ്യഴി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ .വിജയൻ , പ്രോഗ്രാം കോർഡിനേറ്റർ വി.ഇ. കുഞ്ഞനന്തൻ , അസിസ്റ്റന്റ് പ്രോഗ്രാം എക്സിക്കുട്ടീവ് ടി.എം. സ്നേഹ , പി.ആർ. ഒ റിനിഷ എം , ആർ.ജെ നിമ്മി മുകുന്ദൻ , എഡിറ്റോറിയൽ ട്രയിനി ടി.പി. സൗരംഗ് , എന്നിവർ ചേർന്ന് സുചേതയെയും കുടുംബത്തെയും സ്വീകരിച്ചു. ലോകത്തിന്റെ ഭാഷാപരമായ അതിരുകളെ അനായാസം മായ്ച്ചുകൊണ്ടുള്ള ഒരു സംഗീതയാത്രയാണ് സുചേതയെന്ന കൗമാരക്കാരിയുടേത്.  135 ഭാഷകളിൽ ഗാനമാലപിച്ച് , വിവിധ രാജ്യങ്ങളിൽ സംഗീതാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ സുചേത 120 ഭാഷകളിൽ ഏഴുമണിക്കൂർ ഇരുപത് മിനുട്ട് പാടി ഗിന്നസ് റിക്കാർഡ് നേടിയതിന്റെ സന്തോഷത്തിലാണ്. ആഫ്രിക്കൻ ” ഹൊസ ” യിലും ഭൂട്ടാനിലെ “സോങ്ക ” യിലും മാതൃഭാഷയായ മലയാളത്തിലെന്നപോൽ ഭാഷാപരമായ തനിമയിൽ ഗാനമാലപിക്കുന്ന സുചേത 4 വയസ്സു മുതൽ പാട്ട് പാടിത്തുടങ്ങിയതാണ്. വിവിധ ഭാഷയിൽ പാട്ട് പാടാനാരംഭിച്ചത് 10-ാം വയസ്സിലാണ്. 12 വയസ്സിൽ 102 ഭാഷകളിൽ പാടി ലോക റിക്കാർഡ് നേടിയ സുചേത 2020-21 ൽ കേരള സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നേടി. 2018 ലെ പ്രളയകാലത്ത് പാട്ടിലൂടെ നാടിന് കരുതൽ നല്കിയ സേവനാനുഭവവും സുചേതയ്ക്ക് സ്വന്തം. ദുബായിൽ ഓണപ്പാട്ട് വില്പനയിൽ സമാഹരിച്ച അഞ്ചു ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതാണ് സേവനവഴിയിലെ ജീവകാരുണ്യമായത്. തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലെ സൗപർണികയിൽ ഡോ.സതീഷിന്റേയും സുമിത ആയില്യത്തിന്റേയും മകളായ സുചേത ജൻവാണി കമ്യൂണിറ്റി റേഡിയോ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.വി.ജയശങ്കരന്റെ ചെറുമകളാണ്.

Leave A Reply

Your email address will not be published.