തിരുവന്തപുരം: കോളജ് തെരഞ്ഞടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാവിനെ ആള്‍മാറാട്ടത്തിലൂടെ യുയുസി ആക്കാന്‍ ശ്രമിച്ച നടപടിയില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് വന്‍തുക പിഴ ചുമത്തി. സര്‍വകലാശാല തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടി വന്നതിലെ നഷ്ടപരിഹാരമായാണ് ഒന്നരലക്ഷം രൂപ പിഴ ചുമത്തിയത്. കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം. കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ബാലറ്റ് പേപ്പര്‍ തയ്യാറാക്കല്‍ ഉള്‍പ്പടെ സര്‍വകലാശാല തെരഞ്ഞെടുപ്പിനായി 1,55,938 രൂപ ചെലവിട്ടിരുന്നു. അതിനിടെ കാട്ടാക്കട കോളജിലുണ്ടായ ആള്‍മാറാട്ടത്തെ തുടര്‍ന്ന് തെരഞ്ഞടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതുവഴി സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടമാണ് ഈ കോളജില്‍ നിന്ന് ഈടാക്കാനായി തീരുമാനിച്ചത്.