ഇസ്താംബുൾ: ചരിത്ര നേട്ടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടത് ഒറ്റ ജയം. സീസണിൽ ട്രെബിൾ നേട്ടവും ലക്ഷ്യം. മറുഭാഗത്ത് സംഘ ബലത്തിന്റെ കരുത്തിൽ എത്തിയ ഇന്റർ മിലാൻ. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇറ്റാലിയൻ കരുത്തരും നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപ്പൊരി ഫൈനൽ കാണാം.കന്നി ചാമ്പ്യൻസ് ലീഗ് കിരീടമാണ് പെപ് ഗെർഡിയോളയും സംഘവും ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് ശേഷം ഒറ്റ സീസണിൽ ട്രെബിൾ കിരീടം നേടുന്ന ടീമെന്ന ചരിത്ര നിമിഷത്തിനും അവർ കാത്തിരിക്കുന്നു. സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് കിരീടങ്ങൾ അവർ സ്വന്തമാക്കിയാണ് ഇസ്താംബുളിൽ കളിക്കാനെത്തുന്നത്. കണക്കിൽ സാധ്യത മുഴുവൻ കൽപ്പിക്കപ്പെടുന്നത് സിറ്റിക്കു തന്നെ. എന്നാൽ ഇന്ററിനെ വില കുറച്ചു കാണാൻ പെപ് ഒരിക്കലും തയ്യാറാവില്ലെന്നുറപ്പ്. സിമിയോൺ ഇൻസാഗിയെന്ന പരിശീലകന്റെ സവിശേഷ ശൈലി തന്നെയാണ് അതിനു കാരണം.പന്ത് കൈവശം വയ്ക്കുന്ന പൊസഷൻ ഫുട്ബോളിന്റെ ഉജ്ജ്വല മാതൃകയാണ് പെപിന്റെ സിറ്റി. ഇന്റർ ഇതിന്റെ നേരെ വിപരീത ശൈലിയാണ്. പന്തിൽ എതിരാളി സർവാധിപത്യം പുലർത്തുന്നതൊന്നും അവർ മൈൻഡ് ആക്കുന്നില്ല. കിട്ടുന്ന സന്ദർഭത്തിൽ മുഴുവൻ കൗണ്ടർ അറ്റാക്ക് എന്നതാണ് ഇൻസാഗിയുടെ മന്ത്രം.
ഗോളടിച്ചു കൂട്ടി യൂറോപ്യൻ ഫുട്ബോളിനെ ഞെട്ടിച്ച എർലിങ് ഹാളണ്ട് എന്ന യുവ താരത്തിന്റെ മികവാണ് സിറ്റിയുടെ മുന്നേറ്റത്തിലെ നിർണായക ഘടകം. മധ്യനിരയിൽ ഭാവനാ സമ്പന്നനായി ജർമൻ മിഡ്ഫീൽഡ് ജനറൽ ഇൽകെ ഗുണ്ടോഗൻ, കളിയുടെ ഗതി അതിവേഗം തിരിക്കാൻ കെൽപ്പുള്ള നായകൻ കെവിൻ ഡിബ്രുയ്നെ, ജാക്ക് ഗ്രീലിഷ് അടക്കമുള്ളവരാണ് സിറ്റി നിരയിൽ. അർജന്റീന താരം ലൗട്ടാരോ മാർട്ടിനെസ്, റൊമേലു ലുകാകു, ഹെൻറിക് മിഖിതാര്യൻ, എഡിൻ ജെക്കോ, നിക്കോളോ ബാരെല്ല അടക്കമുള്ള മികവുറ്റ താരങ്ങൾ ഇന്ററിനായും അണിനിരക്കുന്നു. വലിയ ടൂർണമെന്റിൽ ഇതുവരെ പരസ്പരം ഏറ്റുമുട്ടാത്ത ടീമുകളാണ് മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും. 2011ൽ പ്രീ സീസൺ പോരാട്ടത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നിട്ടുണ്ട്. അന്നു ജയം സിറ്റിക്കൊപ്പമായിരുന്നു. 3-0ത്തിനാണ് ഇന്റർ വീണത്. ഇന്റർ ക്ലബ് ചരിത്രത്തിലെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്റർ പരിശീലകൻ ഇൻസാഗി ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിനായി ടീമിനെ ഒരുക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗെർഡിയോളയുടെ നാലാം ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. 2009, 2011 വർഷങ്ങളിൽ ബാഴ്സലോണയ്ക്കൊപ്പം അദ്ദേഹം കിരീടം നേടി. 2021ൽ സിറ്റിയെ അദ്ദേഹം ഫൈനലിലേക്ക് നയിച്ചെങ്കിലും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്.