ചെന്നൈ: കമ്പത്ത് നിന്ന് മയക്കുവെടിവെച്ച് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി. നാളെ രാവിലെ പത്തരയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് താത്കാലിക വിലക്ക്. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിച്ചത്. ഇതില്‍ നാളെ വാദം കേള്‍ക്കുന്നത് വരെ തത്കാലം അരിക്കൊമ്പനെ തുറന്നുവിടരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിയിലൂടെ റെബേക്ക ജോസഫ് ആവശ്യപ്പെട്ടത്.
നിലവില്‍ കമ്പത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി തിരുനെല്‍വേലിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു. മൂന്നു കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സ് വാഹനത്തില്‍ കയറ്റിയത്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ മയക്കു വെടിവെക്കുന്നത്.