വളര്‍ത്തുമൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ പോയി; പൊലീസ് പുറത്തു കാത്തുനിന്നു; 45കാരന്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു
കൊല്ലം: ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 45കാരനെ തൊട്ടു പിന്നാലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളില്‍ കടന്നയാള്‍ തിരികെ വരുന്നതും കാത്ത് പുറത്തു നില്‍ക്കുമ്പോഴാണ് ജീവനൊടുക്കിയത്. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പൊലീസിനെ ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു
ശ്രീഹരി പനവേലി ജങ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്ക്് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂട്ടറില്‍ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ വീടു വളഞ്ഞ് പൊലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പില്‍ കയറ്റുന്നതിനിടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് അനുവാദത്തോടെ ജീപ്പില്‍ നിന്നു പുറത്തിറങ്ങി വീടിനുള്ളിലേക്ക് പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല.
സംശയം തോന്നി പൊലീസ് പോയി നോക്കിയപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നെന്നാണു പരാതി. പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പൊലീസ് പറയുന്നത്.