പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം
കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ സിപിഎം നീക്കം. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന തീരുമനത്തിലുള്ള കുഞ്ഞികൃഷ്ണനെ പി.ജയരാജന്‍ നേരില്‍ക്കാണും. നിലപാടില്‍ കുഞ്ഞികൃഷ്ണന്‍ തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവുണ്ട് സിപിഎമ്മിന്.
പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തുവെന്ന ആരോപണമാണ് കുഞ്ഞികൃഷ്ണന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സാഹചര്യത്തില്‍ വെള്ളൂര്‍, കരിവള്ളൂര്‍, ബേഡകം എന്നീ മേഖലകളിലെ സിപിഎം പ്രവര്‍ത്തകരെ അത് ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പി. ജയരാജനെ ചര്‍ച്ചയ്ക്കായി നിയോഗിച്ചത്. ഔദ്യോഗിക ആവശ്യത്തിനായി പയ്യനൂരെത്തുന്ന ജയരാജന്‍ വി. കുഞ്ഞികൃഷ്ണനെ രാവിലെ തന്നെ കാണും. പി. ജയരാജനുമായി കൂടിക്കാഴ്ച നടത്താന്‍ കുഞ്ഞികൃഷ്ണനോട് പാര്‍ട്ടിയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് അദ്ദേഹം പി.ജയരാജനെ കാണാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫണ്ട് ക്രമക്കേട് വിവാദത്തില്‍ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരേ പ്രാദേശിക കമ്മിറ്റികള്‍ക്കൊപ്പം സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെതിരേ പാര്‍ട്ടി സ്വീകരിച്ച നടപടിയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
വാട്സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയില്‍ കടുത്ത ഭാഷയിലാണ് പ്രതികരണങ്ങള്‍. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ് എന്ന പോസ്റ്റര്‍ ഒട്ടേറെ പേരാണ് പങ്കുവെച്ചത്. ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന പാര്‍ട്ടി നയം തിരുത്തുക’ എന്ന പോസ്റ്ററും പ്രചരിച്ചു.
പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡിയിലൊഴികെ യോഗം നടന്ന ലോക്കലുകളില്‍ നടപടിക്കെതിരേ പ്രതിഷേധസ്വരമുയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതും അതിനായി പി ജയരാജനെ ചുമതലപ്പെടുത്തിയതും.