തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന പ്ലസ് വൺ മാതൃക പരീക്ഷ മാറ്റിവച്ചു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങൾ സംസ്ഥാനത്തെ പല സ്കൂളുകളിലും നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്. ഇന്നു നടക്കേണ്ടിയിരുന്ന പ്ലസ് വൺ/ ഒന്നാം വർഷ വൊക്കേഷണൽ മാതൃക പരീക്ഷകൾ എട്ടാം തിയതിയിലേക്ക് മാറ്റിയതായി ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു.
മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്കോ സമയത്തിനോ മാറ്റമില്ല. പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ഇന്ന് മറ്റു അക്കാഡമിക് പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും അറിയിപ്പിലുണ്ട്. പ്ലസ് വൺ മാതൃക പരീക്ഷകൾ ജൂണ്‍ രണ്ട് മുതൽ ഏഴുവരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്ലസ് വൺ വാർഷിക പരീക്ഷ ജൂണ്‍ 13 മുതൽ 30 വരെയാണ്. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.