നാദാപുരം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റവും പ്രായം കൂടിയ തൊഴിലാളിയായ പാറുവിന് മിഷൻ ഡയറക്ടർ ബി അബ്ദുൽ നാസർ IAS ഉപഹാരം സമർപ്പിക്കുന്നു
2021-22 വർഷത്തില്‍ നൂറുദിനം പൂർത്തിയാക്കിയ 845 തൊഴിലുറപ്പ് കുടുംബാംഗങ്ങളെ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഏറ്റവും പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളിയായ പത്താം വാർഡിലെ 83 വയസ്സുള്ള പാറു എന്ന തൊഴിലാളിയേയും,ഏറ്റവും പ്രായംകുറഞ്ഞ പതിനാറാം വാർഡിലെ 31 വയസ്സുള്ള വിദ്യ എന്ന തൊഴിലാളിയേയും തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിൽ ഏറ്റവും മികച്ച മേറ്റായ എട്ടാം വാർഡിലെ റീജയെയു മിഷൻ ഡയറക്ടർ ആദരിച്ചു ഉപഹാരം സമർപ്പിച്ചു.
തുടർന്നുനടന്ന തൊഴിലാളി സംഗമം മിഷൻ ഡയറക്ടർ ബി അബ്ദുൽ നാസർ IAS ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഖിലാ മര്യാട്ട്,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, മെമ്പർ പി പി ബാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ്കുമാർ എന്നിവർ സംസാരിച്ചു.
2021-22 വർഷത്തിൽ 208846 തൊഴിൽദിനം നാദാപുരത്ത് സൃഷ്ടിക്കുകയും തൊഴിലാളികളുടെ വേതനം ആയി 61964633 രൂപയും വൈദഗ്ദ്യ വേതനമായി 3435282 രൂപയും മെറ്റീരിയൽ പ്രവർത്തിയിൽ 22345045 രൂപയും ആകെ 88406848 രൂപയും നാദാപുരത്ത് ചിലവഴിക്കുകയുണ്ടായി.
തുടർന്ന് മിഷൻ ഡയറക്ടർ മൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മാഹി പുഴയോരത്ത് വിഷ്ണുമംഗലം പുഴയോരത്ത് വിരിച്ച കയർഭൂവസ്ത്രം പ്രദേശവും പതിനഞ്ചാം വാർഡിലെ മണ്ണ് – ജലസംരക്ഷണ പ്രവർത്തനവും നേരിൽ കണ്ടു .തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ സാധ്യതകൾ പരമാവധി ഉപയോഗിച്ചാൽ നാടിൻറെ സാമ്പത്തിക വികസനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുക എന്ന് മിഷൻ ഡയറക്ടർ പറഞ്ഞു.