തിരുവനന്തപുരം: ഹോം സിനിമയ്ക്ക് പുരസ്‌കാരം നല്‍കാതിരുന്നതില്‍ നിര്‍മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിക്കു പരിമാധികാരം നല്‍കിയിരുന്നെന്ന്, വിവാദത്തോടു പ്രതികരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.
ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്. ജൂറിയുടേത് അന്തിമ വിധിയാണ്. ഇതില്‍ സര്‍ക്കാര്‍ ഇനി വിശദീകരണമൊന്നും ചോദിക്കില്ല. പുരസ്‌കാര നിര്‍ണയത്തിന് ജൂറിക്കു പരമാധികാരം നല്‍കിയിരുന്നു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിര്‍മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ല. ഇക്കാര്യത്തില്‍ നടന്‍ ഇന്ദ്രന്‍സിന്റേത് തെറ്റിദ്ധാരണ ആകാമെന്ന് മന്ത്രി പറഞ്ഞു.
ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍, മികച്ച രീതിയില്‍ അഭിനയിച്ചതിനാണ് അവാര്‍ഡ് നല്‍കിയതെന്ന് മന്ത്രി പഞ്ഞു. കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാം. ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു.