കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്ന് ഹൈക്കോടതി. മാര്‍ച്ചില്‍ എന്തും വിളിച്ചു പറയാമോയെന്ന് കോടതി ചോദിച്ചു. വിളിച്ചവര്‍ക്ക് മാത്രമല്ല സംഘാടകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. റാലി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റാലിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?. വിദ്വേഷപരമായ മുദ്രാവാക്യം ഉയരുമ്പോള്‍ ശക്തമായ നടപടി ആവശ്യമല്ലേ?. എന്തുകൊണ്ടാണ് ഇത് തടയാന്‍ കഴിയാത്തത്?. സംഘാടകര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു.
വിദ്വേഷമുദ്രാവാക്യം ആരു വിളിച്ചാലും കര്‍ശന നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തില്‍ യുക്തമായ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസന്വേഷണം മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ പള്ളുരുത്തിയിലെ ബന്ധുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവര്‍ റിമാന്‍ഡിലാണ്.